My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 4 October 2014

ഇറക്കങ്ങൾ
~~~~~~~~~~~
                                  ചുട്ടുപൊള്ളുന്ന വെയിലിൽനിന്നും ആശുപത്രിയുടെ വരാന്തയിലേക്ക്‌ കയറിയപ്പോൾ അയാൾക്ക് വളരെആശ്വാസം തോന്നി .വാല്ലാതെ കിതയ്ക്കുന്നുണ്ട് .എഴുപത്തിരണ്ട് വർഷമായി നിർത്താതെ പിടയ്ക്കുന്നതിന്റെ മടുപ്പ് ഈയിടെയായി ഹൃദയം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു .നിറമുള്ള ഗുളികകൾ എറിഞ്ഞുകൊടുത്തുകൊണ്ട് അതിന്റെ ശ്രദ്ധ തിരിച്ചുവിടാറാണ് പതിവ് .

                  ലിഫ്റ്റിന് മുൻപിൽ ആൾക്കൂട്ടമുണ്ട് .അതിലൊരാളാകുന്നതിൽ അയാൾക്ക്‌ പണ്ടുമുതലേ ഇഷ്ടമല്ലായിരുന്നു .പടികൾ നടന്നുകയറുമ്പോൾ അനുഭവിക്കുന്നതിനേക്കാൾ വലിയ വിമ്മിഷ്ടമായിരുന്നു ആ ചെറിയ പെട്ടിയിൽ തിങ്ങിഞെരുങ്ങിനിൽക്കുമ്പോൾ
അയാൾക്കുണ്ടാകാറുള്ളത്.കയ്യിലെ ഓറഞ്ചിന്റെ പൊതി വീണുപോകാതിരിക്കാൻ നെഞ്ചോട്‌ ചേർത്തുപിടിച്ച് അയാൾ പതുക്കെ പടികൾ കയറിത്തുടങ്ങി .
                        ഭർത്താവിന്റെ അച്ഛനെ ശാരീരികാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ടെന്ന് മകൾ രണ്ടുദിവസം മുൻപേ വിളിച്ച്പറഞ്ഞിരുന്നു .ചെന്നുകാണാഞ്ഞിട്ടാകണം ഇന്നുരാവിലെ വിളിച്ചപ്പോൾ സ്വരത്തിലെ മാധുര്യം കുറഞ്ഞിരുന്നു .ശാരീരികമായ അവശതകൾ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ടു തുടങ്ങിയതൊന്നും കുട്ടികൾക്കറിയില്ലല്ലോ. അങ്ങിനെ സമാധാനിക്കാനാണ് അയാൾക്ക് തോന്നിയത് .
                                                    മൂന്നാമത്തെ നിലയിലെത്തിയപ്പോഴേയ്ക്കും
അയാൾക്ക്‌ കിതപ്പ് കൂടിയിരുന്നു മുന്നൂറ്റിപ്പതിനെഴാം നമ്പർ മുറിയിലെക്കാണ് പോകേണ്ടത്.അന്വേഷണങ്ങൾക്കൊടുവിൽ ഒരു മധ്യവസ്കയായ സ്ത്രീ പോകേണ്ട വഴി കാണിച്ചുകൊടുത്തു . ഒക്കത്തുണ്ടായിരുന്ന കൊച്ചുപെണ്‍കുട്ടിയുടെ കരച്ചിൽ മാറ്റുവാൻ അവർ പ്രയാസപ്പെടുന്നുണ്ടായിരുന്നു .


                         മുറിയുടെ വാതിലിൽ മുട്ടിയപ്പോൾ പുറത്തേക്ക് കണ്ടത് അപരിചിതമായ മുഖങ്ങൾ .അവർ അവിടെ പുതിയതായി വന്നവരാണെന്ന് സംസാരത്തിലൂടെ അയാൾക്ക്‌ മനസ്സിലായി .
'ഡിസ്ചാർജു ചെയ്തുകാണും' അയാൾ മനസ്സിൽ പറഞ്ഞു .താൻ വന്നുകാണാഞ്ഞതിന്റെ അരിശം കൊണ്ടാകും അവൾ വിളിച്ചു പറയാതിരുന്നത് .ഒരുപക്ഷെ സമയം കിട്ടിയില്ലായിരിക്കാം ..ഭർത്താവ് വിദേശത്തായതിൽ പിന്നെ അവൾതന്നെ വേണം എല്ലാറ്റിനും അയാൾ മനസ്സിനെ സമാധനിപ്പിച്ചു .

               തിരികെ നടന്ന് ഗോവണിക്കരികിൽ എത്തിയപ്പോൾ ആ സ്ത്രീയും പെണ്‍കുട്ടിയും അവിടെത്തന്നെ ഉണ്ടായിരുന്നു .അവർ എന്തൊക്കയോ കൊഞ്ചിപ്പറഞ്ഞ് അവളുടെ കരച്ചിൽ മാറ്റുകയാണ് .നന്ദിപൂർവ്വം ഒരു ചിരി സമ്മാനിച്ചുകൊണ്ട് അയാൾ പോകാൻ തുടങ്ങിയപ്പോൾ ആ കുട്ടിയുടെ നോട്ടം തന്റെ കയ്യിലുള്ള പൊതിയിലേക്ക് നീളുന്നത് അയാൾ കണ്ടു .മകളുടെ കുഞ്ഞുന്നാളിലെ മുഖമാണ് അപ്പോൾ അയാളുടെ ഒർമ്മയിലെത്തിയത്. വല്ലാത്ത വാശിക്കാരിയായിരുന്നു.

           പൊതിയ്ക്കുനേരെ കൈനീട്ടി വീണ്ടും കരച്ചിൽ തുടങ്ങിയ അവളെ അതിൽനിന്നു പിന്തിരിപ്പിച്ചുകൊണ്ട് ആ സ്ത്രീ നടന്നുതുടങ്ങിയപ്പോൾ അയാളവരെ വിളിച്ചു. കയ്യിലെ ഓറഞ്ചിന്റെ പൊതി അവർക്കുനേരെ നീട്ടി .മടിച്ചാണെങ്കിലും അവരത് വാങ്ങി .കരച്ചിൽ നിർത്തിയ കുട്ടിയുടെ മുഖത്ത് കണ്ണീരിനിടയിലൂടെ ഒരു പുഞ്ചിരി വിരിഞ്ഞുവന്നത് അയാളിൽ സന്തോഷം പകർന്നു .

                          അവർ ആശുപത്രി വിട്ടിട്ടില്ലെന്നും ഡീലക്സ് റൂമിലേക്ക്‌ മാറിയതാണെന്നുംതിരികെപോരുമ്പോൾ റിസെപ്ഷനിൽ നിന്നും അറിഞ്ഞപ്പോൾ അയാൾ വീണ്ടും പടികൾ കയറിത്തുടങ്ങി .സമ്പന്നനാകുമ്പോൾ സൌകര്യങ്ങളും അതിനനുസരിച്ച് കൂട്ടേണ്ടതുണ്ട് .ഒരു പ്രണയത്തിന്റെ പട്ടുനൂലിൽ പിടിച്ച് മകളും ഈ സമ്പന്നതയുടെ സൌഭാഗ്യങ്ങളിലേക്ക് കയറിപ്പോയത് അയാൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഒന്നായിരുന്നു .അവരോടൊപ്പം വളരാൻ അവൾക്കു പലതും മറക്കേണ്ടിവന്നത് അയാളെ വിട്ടുപിരിയാത്ത സങ്കടങ്ങളായിരുന്നു .

              നാന്നൂറ്റിയേഴാം നമ്പർ മുറിയുടെ വാതിലിൽ മുട്ടിയപ്പോൾ മകൾ വാതിൽതുറന്ന് അയാളെ അകത്തേക്ക് ക്ഷണിച്ചു .രോഗി കണ്ണടച്ചുകിടപ്പാണ് .അവൾ വിളിച്ചപോൾ കണ്ണുതുറന്നു നോക്കിയതല്ലാതെ മുഖത്ത് ഭാവവ്യത്യാസങ്ങൾ കണ്ടില്ല .കുശലാന്വേഷണങ്ങൾക്ക് ചില അക്ഷരങ്ങൾകൊണ്ടും ശബ്ദങ്ങൾ കൊണ്ടും മറുപടിപറഞ്ഞ് വീണ്ടും കണ്ണുകളടച്ചു .അറിഞ്ഞിട്ടും ഈ അവഗണന അനുഭവിക്കാൻ ഇത്രയും പടികൾ കയറിവന്നതിൽ അയാൾക്ക്‌ സ്വയം പുച്ഛം തോന്നി .

                മകളോട് യാത്രപറഞ്ഞ്‌ തിരിച്ചുനടക്കുമ്പോൾ പിന്നിൽ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു ."ഒന്നും വാങ്ങിക്കൊണ്ടുവരാൻ തോന്നീലേ അച്ഛന്..ന്നെ നാണംകെടുത്താൻ ...വരാതിരിയ്ക്ക്യന്ന്യാ ഇതിലും ഭേദം ..
മുഖത്തും ഉടുപ്പിലും നാരങ്ങാനീര് ഒലിപ്പിച്ചുകൊണ്ട് കൈവിരലീമ്പുന്ന ഒരു കുഞ്ഞുമുഖം അയാളുടെ ഓർമ്മയിൽ തെളിഞ്ഞുകിടന്നത് കൊണ്ട് അയാൾ ഒന്ന് ചിരിക്കുകമാത്രം ചെയ്തു .പിന്നെ പടികൾ ഇറങ്ങിത്തുടങ്ങി.

                 കയറ്റങ്ങളെക്കാൾ ഇറക്കങ്ങൾ തന്നെയാണ് പ്രയാസകരം എന്ന് അയാൾ ശരിക്കും തിരിച്ചറിഞ്ഞത്അപ്പോഴായിരുന്നു.
കണ്ണിനുതാഴെ നനവുപടരുന്നത് ഒരുപക്ഷെ പ്രായാധിക്യം കൊണ്ടാവാം ..

1 comment:

  1. ചില മക്കള്‍ ശത്രുക്കളെക്കാള്‍ ദൂരെയാണ് മനം കൊണ്ട്!

    ReplyDelete