My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Thursday, 21 March 2013

പൊന്ന്
--------

        'പൊന്ന് പോലെ നോക്കിക്കൊള്ളാം 'എന്നായിരുന്നു വിവാഹം കഴിഞ്ഞ് നഗരത്തിലെ പുതിയ ഫ്ലാറ്റിലേക്ക് തിരിച്ചപ്പോള്‍ അയാള്‍ അവളുടെ വീട്ടുകാരോട് പറഞ്ഞിരുന്നത് .
    അതൊരു വെറുംവാക്കായിരുന്നു എന്നൊന്നും പറഞ്ഞ് തള്ളിക്കളയാന്‍ പറ്റില്ല . ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍   നഗരത്തിലെ സിനിമാശാലകളിലും വിപണനകേന്ദ്രങ്ങളിലും കടലോരത്തെ ആള്‍ക്കൂട്ടത്തിനിടയിലും വളരെ കരുതലോടെയാണ് അയാളവളെ ചേര്‍ത്ത്പിടിച്ചത്.
         സ്വന്തം സ്ഥാപനത്തിലെ സാമ്പത്തിക ക്രമീകരണങ്ങളില്‍ അവിചാരിതമായി രൂപംകൊണ്ട വിള്ളലുകള്‍ തീര്‍ക്കുവാന്‍ നഗരത്തിലെ പണമിടപാടുകാരന്‍ സേട്ടുവിന് രണ്ടു രാത്രികളിലേക്ക് പണയവസ്തുവായി അയാള്‍  കൊടുത്തത് അവളെത്തന്നെയായിരുന്നു .
                               സമ്പന്നതയുടെ പുതിയആകാശങ്ങളില്‍ തളരാതെ
പറന്നുകൊണ്ടിരുന്നപ്പോഴായിരുന്
നു കാലഹരണപ്പെട്ട അവളുടെ പഴയ രൂപഭംഗി ഉരുക്കിവാര്‍ക്കണമെന്ന് അയാള്‍ക്ക്‌ തോന്നിത്തുടങ്ങിയത് . മൂന്ന് മാസങ്ങള്‍ക്ക്  മുന്‍പ് ഒരു പ്രഭാതത്തില്‍ അടുക്കളയില്‍ വച്ച് വളരെ സമര്‍ത്ഥമായി അയാളവളെ ഉരുക്കിയെടുത്തു.
     ഇന്നലെ സന്ധ്യക്ക്‌ നഗരത്തിലെ നിശാക്ലബ്ബില്‍ സുഹൃത്തുക്കള്‍ക്കായി അയാളൊരുക്കിയ വിവാഹസല്‍ക്കാരവേളയില്‍ പുതിയ രൂപഭംഗിയോടെ തന്നോട്  ചേ ര്‍ന്നുനിന്നവളെ  നവരത്നങ്ങളെയെന്നപോലെ അയാള്‍ സ്നേഹിച്ചുതുടങ്ങിയിട്ടുണ്ടാവണം
  !