My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Wednesday, 20 February 2013

വസൂരിയും ചില ചിന്തകളും

സമൂലമായ ഒരു സംഹാരത്തിലൂടെ പ്രപഞ്ചത്തില്‍ നിന്നും തുടച്ചുമാറ്റപ്പെടും എന്ന കൃത്യമായ ഉറപ്പ് ഉള്ളില്‍ കുടിയേറികഴിഞ്ഞാല്‍ മനുഷ്യന് മുന്നില്‍ സംസ്കാരത്തിന്റെ അതിര്‍വരമ്പുകള്‍ മാഞ്ഞുപോകും . സംസ്കാരത്തിന്റെ മുദ്രപതിപ്പിച്ചു മനസ്സില്‍ താഴിട്ടു പൂട്ടിയ അധമവികാരങ്ങള്‍ കെട്ടുപൊട്ടിച്ച് പൂര്‍വ്വാധികം ശക്തമായി പ്രതികരിക്കുന്നത് അപ്പോഴാണ്‌ . ഈ ഒരവസ്ഥാവിശേഷത്തെ വസൂരി എന്ന നോവലിലൂടെയായിരുന്നു കാക്കനാടന്‍ വായനക്കാരുമായി പങ്കുവച്ചത് .
വസൂരി പടര്‍ന്നുപിടിച്ച ഗ്രാമത്തില്‍ മരണത്തെ മുഖാമുഖം കണ്ട മനുഷ്യര്‍ അതുവരെ കാത്തുപോന്ന മൂല്യങ്ങളും ബന്ധങ്ങളുടെ വിശുദ്ധിയും വിസ്മരിച്ച് പോകുകയാണ്. പിതാവ് ,മാതാവ് ,സഹോദരന്‍ ,സഹോദരി ... എന്നിങ്ങനെയുള്ള പവിത്രബന്ധങ്ങള്‍ കേവലം സ്ത്രീപുരുഷ ബന്ധങ്ങളായി പരിണമിക്കുന്നത് കാണാം . നാളെ എന്നൊന്നില്ല എന്ന് ബോധ്യമാകുമ്പോള്‍ മൃഗതുല്യതയിലേക്ക് അവര്‍ തിടുക്കത്തില്‍ നടന്നുകയറുകയാണ് .
ഈയിടെയായി നമുക്ക് അനുഭവപ്പെട്ട ചില നേര്‍ക്കാഴ്ചകള്‍ വസൂരിയിലെ ഈ സന്ദര്‍ഭത്തെകുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു . സംസ്കാരത്തിന്റെ ഉത്തുംഗതയില്‍ നിന്നും മനുഷ്യന്‍ പടിയിറക്കം തുടങ്ങുകയാണ് . നമ്മുടെ വ്യവസ്ഥാപിതമായ സദാചാര ചിട്ടകളുടെ നിര്‍വ്വചനങ്ങളില്‍ തികച്ചും സ്വകാര്യമായ പൊളിച്ചെഴുത്ത്കള്‍ തുടങ്ങിക്കഴിഞ്ഞു .മാത്രമല്ല ഈവൃത്തികേടുകള്‍ എവിടെയും ഉച്ചത്തില്‍ പ്രഖ്യാപിക്കാനുള്ള ചങ്കുറപ്പും ആര്‍ജിച്ചുകഴിഞ്ഞു .ഇത് രണ്ടുകയ്യും നീട്ടി സ്വീകരിക്കാന്‍ കൊതിച്ചുനില്‍ക്കുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നു എന്ന ഭീതിതമായ സത്യം നമ്മെ വല്ലാതെ ആകുലപ്പെടുത്തുന്നുണ്ട് .

മണ്ണിനെയും പെണ്ണിനേയും തന്നിഷ്ടംപോലെ ഉപയോഗപ്പെടുത്തുന്നവര്‍ക്ക്
വസൂരിഗ്രാമത്തിന്റെ മാനസികാവസ്ഥ തന്നെയാണോ ?... പ്രതീക്ഷാനിര്‍ഭരമായ ഒരു ഭാവി അവര്‍ക്കുമുന്നില്‍ ഇരുളടഞ്ഞോ ..?അതോ മനപൂര്‍വ്വം മറക്കുന്നതോ .. ?
പണ്ടുതൊട്ടേ അങ്ങിനെയായിരുന്നു .
വഴങ്ങാതെ ഒഴിഞ്ഞുമാറിപ്പോകുമായിരുന്നു.
പലപ്പോഴും ബലമായി കീഴ്പ്പെടുത്തിയിട്ടുണ്ട്.
അപ്പോഴൊക്കെ-
മേനിയിലാകെ മുറിപ്പാടുമായി,
കീറിപ്പറിഞ്ഞ വേഷഭൂഷാദികളുമായി,
നിര്‍വികാരയായി,
തുറിച്ചുനോക്കിക്കൊണ്ട് നില്‍ക്കും-
മറ്റാരുടെയോ എഴുത്തറ പൂകേണ്ടുന്ന കവിത!