My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 6 April 2013

ജ്വാലാമുഖി
-------------

ഒടുവില്‍ അവളെ ഷോക്റൂമിലേക്ക്‌ കൊണ്ടുപോകുവാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് . തലേദിവസം സന്ധ്യക്ക്‌ പോലീസുകാര്‍ ആ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അവളെ കൊണ്ടുവന്നപ്പോള്‍ ക്ഷോഭം കത്തിപ്പടരുന്ന മുഖഭാവവും ചലനങ്ങളുമായിരുന്നു അവള്‍ക്ക് .രാത്രിമുഴുവനും അവള്‍ നിര്‍ത്താതെ അലമുറയിടുകയും ഭിത്തിയില്‍ തലയിട്ടിടിക്കുകയും ശരീരമാകെ മാന്തിപ്പൊളിക്കുകയും ചെയ്തിരുന്നു .

ഷോക്ക്റൂമിലെ കട്ടിലില്‍ മൂന്നാലുപേര്‍ കൂടി അവളെ ബലംപ്രയോഗിച്ച് കിടത്തുകയും ശിരസ്സില്‍ ചില ഉപകരണങ്ങള്‍ ഘടിപ്പിക്കുകയും ചെയ്തു . പിന്നെ ഡോക്ടര്‍ പതുക്കെ ചില യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി .

അവളൊന്നു പിടഞ്ഞു .

അവളുടെ ഉള്ളില്‍ ബാഹുലേയന്റെ മുഖം ഒരു മഞ്ഞുപാളിയ്ക്കപ്പുറത്തെന്നപോലെ തെളിഞ്ഞുവന്നു . അരവിന്ദന്‍റെ മരണശേഷം ലഭിച്ച ആശ്രിതജോലിയില്‍
പ്രവേശിക്കാന്‍ പത്തുവയസുകാരി മകളെയും ചേര്‍ത്തുപിടിച്ച് നഗരസഭാകാര്യാലയത്തിന്റെ വരാന്തയില്‍ നിന്നപ്പോള്‍ കണ്ട മുഖം . കുലീനമായ പെരുമാറ്റത്തിനിടയില്‍ അയാള്‍ നീട്ടിക്കൊടുത്ത സഹായഹസ്തം സ്വീകരിക്കാന്‍ ഒറ്റപ്പെടലിന്റെ നിസ്സഹായാവസ്ഥയില്‍ കൂടുതലായൊന്നും ആലോചിക്കാനില്ലായിരുന്നു .

അയാള്‍ താമസിച്ചിരുന്ന ആശിര്‍വാദ് അപ്പാര്ട്മെന്റിലെ നാലാമത്തെ നിലയില്‍ താമസിക്കാനിടം തരപ്പെടുത്തിയതും അരുണമോള്‍ക്ക് പഠിക്കാന്‍ നഗരത്തിലെ ഭേദപ്പെട്ട സ്കൂളില്‍ പ്രവേശനം നേടിയെടുത്തതും ഒരു കുടുംബാംഗത്തെപോലെ കടന്നുവരാനും ഇടപഴകാനും അയാള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ വഴികളായിരുന്നു .

അകാലവൈധവ്യമനുഭവിക്കുന്ന ഒരു സ്ത്രീയോടൊപ്പമുള്ള സഞ്ചാരപഥങ്ങളില്‍ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകള്‍ ഉണ്ടായേക്കാം എന്ന സ്വാഭാവികമായ ഒരു ധാരണ അയാള്‍ക്കുണ്ടായിരുന്നു എന്ന് ചിലപ്പോഴൊക്കെ അവള്‍ക്കു തോന്നാതിരുന്നില്ല . ഇടയ്ക്കെപ്പോഴോക്കയോ സ്വകാര്യതയുടെ വാതില്‍പാളികളില്‍ അറിയാതെയെന്നോണം അയാളുണ്ടാക്കിയ ചില ശബ്ദങ്ങളില്‍ നീരസംപൂണ്ട്‌ ,കര്‍ക്കശമായ ശാസനകളിലൂടെ വഴിതിരിച്ചുവിട്ടപ്പോള്‍ ഇച്ചാഭംഗം പൂണ്ട ബാഹുലേയന്റെ മുഖവും അവള്‍ക്കപ്പോള്‍ കാണാമായിരുന്നു .

യന്ത്രങ്ങളുടെ ബട്ടണുകളില്‍ ഡോക്ടറുടെ വിരലുകള്‍ ചില വ്യതിയാനങ്ങള്‍ വരുത്തിയപ്പോള്‍ വൈദ്യുതപ്രവാഹത്തിന്റെ തീവ്രത കൂടുകയും അവളുടെ ശരീരം ശക്തമായൊന്നുലയുകയും ചെയ്തു .

അപ്പോഴവളുടെ മനസ്സില്‍ അരുണയുടെ മുഖമായിരുന്നു . കഴിഞ്ഞ ജന്മദിനത്തില്‍ ബാഹുലേയന്‍ സമ്മാനിച്ച വെള്ളാരന്‍ കണ്ണുകളുള്ള പാവയെ അവള്‍ തുണ്ടം തുണ്ടമാക്കി മുറിച്ചുകളഞ്ഞത് കണ്ട് അരിശത്തോടെ ചോദിച്ചപ്പോള്‍ ഒന്നുംമിണ്ടാതെ നിന്ന അരുണയുടെ ഭീദിതമായ മുഖം . അന്ന് മനസ്സില്‍ കിളിര്‍ത്തുതുടങ്ങിയ ആകുലകരമായ ചില സംശയങ്ങള്‍ വള്ളികളായി പടര്‍ന്നു ഹൃദയത്തെ ഞെരുക്കി ശ്വാസംമുട്ടിച്ചത്, പിന്നീടൊരിക്കല്‍ അവളുടെ കവിളിലെ നഖപ്പാടുകളും ക്ഷതമേറ്റ് ചോരകല്ലിച്ച ചുണ്ടുകളും കണ്ടപ്പോഴായിരുന്നു .

അരവിന്ദന്റെ വേര്‍പാട് സൃഷ്ടിച്ച അരക്ഷിതാവസ്ഥയുടെ ഏറ്റവും ഭീകരമായ മുഖം കണ്ടതാന്നായിരുന്നു.

പെട്ടന്ന് അവള്‍ കട്ടിലില്‍ നിന്നും ഒന്നുയരാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുവച്ചിരുന്ന കരങ്ങളുടെ ബലത്തില്‍ അവളൊതുങ്ങിപ്പോയി.

പിന്നെയും കണ്‍മുന്നിലെന്നോണം ബാഹുലേയന്‍ .

ആശിര്‍വാദ്‌ അപാര്‍ട്ട്മെന്റിലെ ആറാംനിലയും കഴിഞ്ഞുള്ള തുറസ്സായ ടെറസ്സില്‍ നിലാവും നക്ഷത്രങ്ങളുമില്ലാത്ത ഒരു രാത്രിയില്‍ രതികാമനകള്‍ പൂത്തുലഞ്ഞ മിഴികളുമായി അയാള്‍ നില്‍ക്കുകയാണ് . വശീകരണതന്ത്രങ്ങളാല്‍ ഒരുക്കിയെടുത്ത ലഹരിനുരയുന്ന വഴികളിലൂടെ വളരെ കരുതലോടെ നടത്തിക്കൊണ്ടുവന്നു ടെറസ്സിലെ അരഭിത്തിയോട്‌ ചേര്‍ത്ത് അയാളെ നിര്‍ത്തിയിരിക്കുകയാണ് .

വളരെ പതുക്കെ ലോലമായ വിരലുകളാല്‍ അയാളെ ചേര്‍ത്ത് നിര്‍ത്തി ആ കണ്ണുകളില്‍ ഒരു മൃഗത്തിന്റെ ആസക്തി അവള്‍ തിരയുകയാണ് . പിന്നെ ആ വിരലുകള്‍ കഴുത്തും മാറിടവും പിന്നിട്ട് അരക്കെട്ടിലൂടെ ഇഴഞ്ഞുനീങ്ങി ഇരുപാദങ്ങലിലും ചെന്നുനില്ക്കുന്നു . ഓര്‍മ്മകളില്‍ , കരുവാളിച്ച കുരുന്നു കവിളുകളും ക്ഷതമേറ്റ്‌ പഴുത്ത ചുണ്ടുകളുമായി എങ്ങികരയുന്ന അരുണയുടെ മുഖം മാത്രം .

മനസ്സിലേക്ക് വന്യമായ ഒരാവേശം പാഞ്ഞുകയറിയപ്പോള്‍ പാദങ്ങളിലെ പിടുത്തം മുറുകുന്നു . സര്‍വശക്തിയുമെടുത്ത് പാദങ്ങള്‍ രണ്ടും ഒരുമിച്ചുവലിച്ചപ്പോള്‍ അരഭിത്തിയില്‍ നിന്നും പിന്നോട്ട് മറിഞ്ഞ് ഒരു നിലവിളിയോടെ ബാഹുലേയന്‍ താഴേയ്ക്ക് പറക്കുകയാണ് ...
.
ഇപ്പോള്‍ അവള്‍ക്കു കൂട്ടിനുള്ളത് വിടാതെ പിന്തുടരുന്ന ഒരു നിലവിളി മാത്രമാണ് . ബാഹുലേയന്റെ മരണം നടന്ന് നാലാംദിവസം നിയമപാലകരുടെ വാഹനത്തിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ നെഞ്ചില്‍നിന്നും ആരൊക്കയോചേര്‍ന്ന് അടര്‍ത്തിമാറ്റിയ അരുണയുടെ ദയനീയമായ നിലവിളി .

ആ വിലാപം അസഹനീയമാകുമ്പോള്‍ ഉള്ളുരുകി തുളുമ്പും അപ്പോള്‍ ഇരുളിന്റെ അടരുകള്‍ തുടര്ച്ചയായി പതിച്ചുകൊണ്ടിരിക്കുന്ന അബോധത്തിന്റെ ഊടുവഴികളിലൂടെ അവള്‍ സഞ്ചരിക്കാന്‍ തുടങ്ങും .

മുറിയിലിപ്പോള്‍ ആരുമില്ല ശിരസില്‍ നിന്നും ഉപകരണങ്ങളൊക്കെ അഴിച്ചുമാറ്റിയിരിക്കുന്നു . അമര്‍ത്തിപ്പിടിച്ചിരുന്ന ബലിഷ്ഠ കരങ്ങളില്‍ നിന്ന് ശരീരം സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു കൂട്ടിനിപ്പോള്‍ നിറഞ്ഞ മൌനം മാത്രം
:-വിനോദ് വൈജയന്തം

3 comments:

  1. അമ്മയല്ലേ?
    അത്രയുമെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെയെന്ത്?

    കഥ നന്നായി

    ReplyDelete
  2. kazhukan kannukalil ninnum mukham moodikalil ninnum swantham kunhungale rakshinkkan praptharakatte oro ammamarum. Prathikarikkanum prathirodhikkanum karutharjjikkanam nammal.

    ReplyDelete