My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Wednesday, 23 January 2013

പിന്നിലാവ്‌

          തീനാളങ്ങള്‍ നക്കിത്തുടച്ച് ജീവന്‍ ബാക്കിവച്ചുപോയ മകളെ ദീര്‍ഘകാലത്തെചികിത്സയ്ക്ക്ശേഷംആശുപത്രിയില്‍നിന്നുംകൊണ്ടുപോകാന്‍
തുടങ്ങുകയായിരുന്നു അയാള്‍ .അവളിരുന്ന വീല്‍ചെയര്‍ പതുക്കെ
തള്ളിനീക്കിക്കൊണ്ട് വരാന്തയിലൂടെ അയാള്‍ നടന്നു .കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ ഇടയ്ക്കിടെ തുടച്ചുകൊണ്ട് പിന്നാലെ അയാളുടെ ഭാര്യയുമുണ്ടായിരുന്നു .
 കാണുന്നവരില്‍ഭയവുംഅറപ്പുംതോന്നിക്കുന്നവിധത്തില്‍കരിഞ്ഞുപോയിരുന്നു 
മകളുടെ ശരീരം .വികാരങ്ങളുടെ മിന്നല്‍പ്പിണരുകള്‍ തെളിയാതെ ഇരുണ്ട ആകാശം പോലെയായിരുന്നു അപ്പോള്‍ അവളുടെ മുഖം .
   നൂറുപവനും വിലപിടിപ്പുള്ള കാറിനുമൊപ്പം മകളെ കേളികേട്ട തറവാട്ടിലെ സുമുഖനായ ചെറുപ്പക്കാരന് കൈപിടിച്ചേല്‍പ്പിച്ചത് ആറുമാസങ്ങള്‍ക്കു മുന്‍പായിരുന്നു .ആ സന്തോഷത്തില്‍ ഒരു പകപോക്കലിന്റെ സുഖം കൂടി അയാള്‍ അനുഭവിച്ചിരുന്നു .പിന്നീടുള്ള ദിനങ്ങളില്‍ ഭര്‍തൃവീട്ടിലെ അതൃപ്തമായ ജീവിതം അവളുടെ വാക്കുകളിലും പെരുമാറ്റങ്ങളിലും നിഴലിച്ചിരുന്നെങ്കിലും ,എല്ലാം ശരിയാകുമെന്ന വിശ്വാസത്തില്‍ അയാള്‍ പലതും കണ്ടില്ലെന്നു നടിക്കുകയായിരുന്നു .ഒടുവില്‍ ഉള്ളുരുക്കതിന്റെ ചൂട് അസഹ്യമായപ്പോള്‍ അവള്‍ സ്വന്തം ജീവനെക്കൂടി തീനാളങ്ങള്‍ക്കായി വലിച്ചെറിഞ്ഞുകൊടുക്കുകയായിരുന്നു . അവളുടെ വാക്കുകളുടെ പൊരുള്‍ അയാള്‍ ശരിക്കുമറിഞ്ഞത് അപ്പോള്‍ മാത്രമായിരുന്നു.
വരാന്തയുടെ അറ്റത്തെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടുത്തേക്ക് വീല്‍ചെയര്‍ അടുപ്പിച്ചു നിര്‍ത്തി ഡോര്‍ തുറക്കാന്‍ തുടങ്ങിയപ്പോള്‍ തീപാറുന്ന നോട്ടവുമായി മുന്നില്‍ മുനീറലി...
                   " പ്പൊ പെരുത്ത് സമാദാനായല്ലൊ ങ്ങക്ക് ....."
പരുഷമായ സ്വരത്തില്‍ അല്‍പ്പം ഉച്ചത്തില്‍ തന്നെ അവന്‍ പറഞ്ഞു .
മകളെ കെട്ടിച്ചുതരണമെന്ന ആവശ്യവുമായി വീട്ടിലേക്ക് കയറിവന്ന അവനെ ആട്ടിയിറക്കിയതിനുശേഷം ആദ്യമായി മുഖാമുഖം കാണുകയാണ് .അവനോടൊപ്പമേ ജീവിയ്കൂ എന്ന് വാശിപിടിച്ച മകളെ ഒരുപാട് ഉപദ്രവിച്ചതിലുള്ള സങ്കടം അപ്പോള്‍ അയാളെത്തേടി വീണ്ടുമെത്തി .
  ഒസ്സാന്‍ കുട്ട്യസ്സന്റെ മകനായി പിറന്നതും ,മരണവേളയില്‍ ബാപ്പ എല്പ്പിച്ചുകൊടുത്ത കത്തിയും കത്രികയും കൊണ്ട് തൊഴിലെടുത്ത് കഴിയുന്നതും അവനുള്ള യൊഗ്യതക്കുറവായിത്തന്നെ അയാള്‍ കണ്ടിരുന്നു .ഒരറവുകാരനില്‍ നിന്നും രത്നവ്യപാരിയിലേക്കുള്ള സ്വന്തം വളര്‍ച്ചയുടെ പടവുകള്‍ സൌകര്യപൂര്‍വ്വം അയാള്‍ മറന്നുകഴിഞ്ഞിരുന്നു .
        ഒടുവില്‍ വൃത്തികെട്ട കുതന്ത്രങ്ങളും വിലകുറഞ്ഞ ചട്ടംബിത്തരവും കൊണ്ടായിരുന്നു  പ്രണയത്തിന്റെ ഊരാക്കുടുക്കുകള്‍ അയാള്‍ അഴിച്ചെടുത്തത് .
          " ന്യെങ്കിലും ഇയ്ക്ക് തന്നൂടെ ഇത്നെ ......."
അപ്പോള്‍ അവന്റെ വാക്കുകള്‍ക്ക് യാചനയുടെ സ്വരമായിരുന്നു .കണ്ണുകളില്‍ നനവ്‌ പടര്‍ന്നിരുന്നു .
ഒന്നും പറയാതെ കണ്ണീരൊഴുക്കിനിന്ന ഭാര്യയുടെ മുഖത്തേക്ക് ഒരു സഹായത്തിനെന്നോണം ദയനീയമായി അയാള്‍ നോക്കി .
പൊടുന്നനെ മുനീറലി വീല്‍ചെയറില്‍നിന്നും അവളെ കോരിയെടുത്തു .പിന്നെ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു .
               " യ്ക്ക് വേണം ഈ കരിക്കട്ടേനെ ..........കൊണ്ടോവ്വാ ഞാനിത്‌നെ........ങ്ങക്ക് കയ്യുംബോലെ നോക്കീ .........."
അവളെയും കൈകളിലേന്തി അവന്‍ നടന്നുനീങ്ങുന്നത് നിശ്ചലനായി അയാള്‍ നോക്കിനിന്നു .അവന്റെ ഹൃദയത്തില്‍നിന്നും ഊര്‍ന്നുവീണ നിലാവില്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച കരിക്കട്ട തിളക്കമാര്‍ന്നു വരുന്നത് അയാള്‍ക്ക്‌ കാണാമായിരുന്നു !


   

   

   

4 comments:

 1. " യ്ക്ക് വേണം ഈ കരിക്കട്ടേനെ ..........കൊണ്ടോവ്വാ ഞാനിത്‌നെ........ങ്ങക്ക് കയ്യുംബോലെ നോക്കീ .........."

  കൊള്ളാം.

  ReplyDelete
 2. ഒരു വലിയ കഥ ചുരുക്കി എഴുതി തീര്‍ത്തു
  അവതരണം നന്നായിട്ടുണ്ട്
  വിഷയം പഴയത് .ചെറുകഥകള്‍ക്ക്
  ഇത്ര വലിയ ത്രെഡ് ആവശ്യം ഇല്ല ..

  എഴുത്ത് നന്നായി ...വിനോദേട്ടാ..തുടരുക

  ReplyDelete