My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 2 June 2012

മടക്കയാത്ര

പറയുവാനോങ്ങിയ വാക്കുമറന്നു നീ-
പടിവാതില്‍  ചാരിതഴുതിട്ടുനില്‍ക്കവേ,
വ്രണിതഹൃദയന്‍  ഞാന്‍  മടങ്ങുകയാണിന്നു
പ്രണയം  വെറുമൊരു  പാഴ്ക്കിനാവല്ലോ..!
പാഥേയമായി  പകുത്തെടുക്കുന്നു ഞാന്‍
നിന്‍നീലമിഴിയിലെ  ആര്ദ്രസ്വപ്നങ്ങളും,
അപരാഹ്നസൂര്യന്റെ  കതിരേറ്റു  നമ്മുടെ-
നിറമാര്‍ന്ന നിനവുകള്‍തുടുത്ത  സായന്തനം
ഓര്‍മ്മകള്‍ പൊന്‍വിരല്‍ തുമ്പില്‍വിടര്‍ത്തിയ-
പൂര്‍വകാലത്തിന്റെ  സൌഗന്ധികങ്ങളും
പിന്‍വിളികളില്ലാത്ത  യാത്രയിലെന്നിലെ-
മണ്ചെരാതും  കൂടി ആരോകെടുത്തിയോ...?

 സ്മൃതിപ്പക്ഷികള്‍ 
 കൂടൊഴിയുമ്പോള്‍ ...
 <<<<<<<<<<<<>>>>>>>>>>>>
            കുടുംബങ്ങളുടെ  അകത്തളങ്ങളില്‍ വീശിയടിക്കുന്ന കൊടുംകാറ്റുകളെ ഒരു
മാന്ത്രികന്റെ  വിരുതോടെ അടക്കി നിര്‍ത്തുന്ന പ്രസിദ്ധനായ മനശാസ്ത്രന്ജനെ 
കുറിച്ചറിഞ്ഞത്‌ മുതല്‍ അയാളുടെ ചിന്തകള്‍  വഴിവിട്ടു പാഞ്ഞുതുടങ്ങിയിരുന്നു !
                    സുഹൃത്തിന്റെ  സ്വാധീനത്താല്‍ നേരത്തെ ബുക്ക് ചെയ്യാതെ
തന്നെ ഡോക്ടറെ കാണുവാന്‍   അവസരം കൈവന്നതില്‍ ഒരുപാട് സന്തോഷിച്ചുകൊണ്ട്
അയാള്‍ കാത്തിരുപ്പ് മുറിയിലെ  സോഫയില്‍ അമര്‍ന്നിരുന്നു .
                       ' അകത്തേക്ക് ചെന്നോളൂ .......'  സന്ദര്‍ശക മുറിയില്‍
കമ്പുടറില്‍ മിഴി നട്ടിരുന്ന പെണ്‍കുട്ടി  ഇന്റര്‍ കോമിലൂടെ  വന്ന സന്ദേശം 
അയാള്‍ക്ക്‌ കൈമാറി .
ഭയത്തിന്റെ ഒരു തീപ്പൊരി  ഉള്ളിലെവിടെയോ  നീറ്റല്‍ഉണ്ടാക്കുന്നത്‌
അനുഭവിച്ചുകൊണ്ട്‌  അയാള്‍ അകത്തു കടന്നു .
 ഡോക്ടറുടെ തീഷ്ണമായ നോട്ടം തന്‍റെ ഹൃദയാന്തര്‍ഭാഗത്ത്  എന്തോ തിരയുന്നതായി
അയാള്‍ക് തോന്നി .അയാള്‍ക്ക്‌ അസ്വസ്ഥത  കൂടിവരികയായിരുന്നു ..!
        തന്‍റെ വിഷമാവസ്തയുടെ  വ്യക്തവും വിസ്തൃതവുമായ ഒരു ചിത്രം അയാള്‍
ഡോക്ടര്‍ക്ക് മുന്നില്‍ വരച്ചിട്ടു .
അകാലത്തില്‍  വേര്‍പെട്ടുപോയ അച്ഛനെകുറിച്ചുള്ള ഓര്‍മ്മകളില്‍ മുഴുകി
തറവാട്ടില്‍ കഴിയുന്ന അമ്മ ...പഴമയുടെ ഗന്ധമുതിരുന്ന ആ വീടും തൊടിയും പാതി
നശിച്ച  കുളപ്പുരയുമെല്ലാം വേര്‍പെടുത്താനാകാത്തവിധം അവരുടെ ജീവിതത്തില്‍
ഇഴുകിചെര്‍ന്നിരുന്നു ! നഗരത്തില്‍ പുതുതായി വാങ്ങിയ ഫ്ലാറ്റിലേക്ക് അമ്മയെ
കൊണ്ടുപോകാനുള്ള  ശ്രമത്തിലായിരുന്നു അയാള്‍ .
        തന്‍റെ പ്രലോഭാനങ്ങള്‍കും  നിര്‍ബന്ധങ്ങള്‍ക്കും  മുന്നില്‍ ഒരുറച്ച
ശിലപോലെ നില കൊള്ളുന്ന അമ്മയെ ഡോക്ടറുടെ മുന്‍പില്‍ അവതരിപ്പിച്ചു
കഴിഞ്ഞപ്പോള്‍ അയാളുടെ മനസ്സില്‍ ആശ്വാസത്തിന്റെ  നിലാവ്  പരക്കാന്‍
തുടങ്ങിയിരുന്നു ...!
        അയാളുടെ വാക്കുകളിലെ തിടുക്കവും വ്യാകുലതയും ഡോക്ടര്‍ക്ക്
വ്യക്തമായിരുന്നു .
  ' ഇതിലെനിക്ക്  എന്താണ് ചെയ്യാനുള്ളത് '   ഒരു ചെറു പുഞ്ചിരിയോടെ  ഡോക്ടര്‍
ചോദിച്ചു .
  'ആ പഴയ വീട്ടില്‍ അമ്മയെ തളച്ചിടുന്ന ഓര്‍മ്മകളുടെ വേരറുക്കണം' 
വല്ലാത്ത ഒരാവേശത്തോടെ  അയാള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഡോക്ടറുടെ ഉള്ളില്‍
ഒരു നടുക്കം അനുഭവപെട്ടു !
                             'അമ്മയെ വിളിക്കൂ ..'
അല്‍പ്പനേരത്തെ മൌനത്തിനു ശേഷം തികച്ചും ശാന്തനായി  പതിഞ്ഞ സ്വരത്തില്‍
അദ്ദേഹം പറഞ്ഞു .
പുറത്തിരിക്കുന്ന  അമ്മയെ അയാള്‍ അകത്തേക്ക് കൂട്ടിക്കൊണ്ടു വന്നു .ഡോക്ടര്‍
അയാളോട് പുറത്ത് കാത്തിരിക്കുവാന്‍  പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത്
ആത്മവിശ്വാസത്തിന്റെ  ചില അടയാളങ്ങള്‍ മിന്നിമറഞ്ഞു .
        തറവാട് അടക്കമുള്ള സ്വത്തുക്കള്‍  ഓഹരി വിപണിയിലിട്ടു
പെരുപ്പിചെടുക്കുന്നതിനെ കുറിച്ചുള്ള ചിന്തകള്‍ ദിശാബോധമില്ലാതെ പറന്നുയരവേ
അയാള്‍ ഭാര്യയുടെ സംതൃപ്തമായ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു !
                         'കടന്നു വരൂ'.....ഡോക്ടറുടെ മുഴക്കമുള്ള  ശബ്ദം
ചിന്തകളെ അയാളില്‍ നിന്നകറ്റി .
കമ്പുടറിനു മുന്‍പിലെ ഇരിപ്പിടം ശൂന്യമാണെന്നു മങ്ങിയ വെളിച്ചത്തില്‍
അയാളറിഞ്ഞു . പുറത്ത് ഇരുട്ടിന്റെ ക്രൌര്യം .
അയാള്‍ ഡോക്ടറുടെ മുറിയിലേക്ക് ചെന്നു.  അമ്മ ആമുറിയില്‍ ഇല്ലായിരുന്നു .
അയാള്‍ ചോദ്യഭാവത്തില്‍ ഡോക്ടറെ നോക്കി .
       'താങ്കള്‍ ഉദ്ദേശിച്ചപോലെ  സംഭവിച്ചിരിക്കുന്നു ......അമ്മയുടെ
മനസ്സിലെ ഓര്‍മ്മകളെല്ലാം മായ്ച്ചു കളഞ്ഞിരിക്കുന്നു .....ഇനി അവരെ
കൊണ്ടുപോകാം ......' തൊട്ടടുത്ത മുറിയിലേക്ക് വിരല്‍ ചൂണ്ടി ഡോക്ടര്‍ പറഞ്ഞു .
  അയാള്‍ തിടുക്കത്തോടെ ആമുറിയില്‍ കടന്നു . അമ്മ ഒരു കട്ടിലില്‍
കിടക്കുകയായിരുന്നു .
                    അമ്മെ ......-അയാള്‍ പതുക്കെ വിളിച്ചു .
അവര്‍ അയാളെ ഒരപരിചിതനെ എന്നോണം  സൂക്ഷിച്ച്‌ നോക്കി .സംശയത്തോടെ ചോദിച്ചു .
                   മനസ്സിലായില്ല .........നിങ്ങളാരാ ..........
ഒരു ശിലാരൂപം പോലെ നിന്നുപോയ അയാളുടെ ചുമലില്‍ ഡോക്ടര്‍  കൈ ചേര്‍ത്തു
വച്ചപോള്‍  അയാള്‍ ശരിക്കും ഞെട്ടി .
                    ലുക്ക് ....മിസ്റ്റര്‍ .....-അയാളയും കൊണ്ട് പുറത്തേക്കു
നടക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു തുടങ്ങി .
    'ഇതുപോലെ ഓര്‍മ്മകള്‍ നഷ്ടപെട്ട ഒരമ്മയെ അല്ലേ താങ്കള്‍ ഉദ്ദേശിച്ചത്
.....?'
അയാളുടെ വരണ്ട തൊണ്ടയില്‍ വാക്കുകള്‍ പിടഞ്ഞു ചത്ത്തുകൊണ്ടിരുന്നു .
    'ഈ ഭൂമിയുടെ ഓര്‍മ്മകള്‍ നഷ്ടപെട്ടലുള്ള അവസ്ഥ ചിന്തിച്ചു നോക്കൂ
.......ഡോക്ടര്‍ തുടര്‍ന്നു .....'പിന്നെ പൂക്കളില്ല  നിറങ്ങളില്ല
......മഞ്ഞും  മഴയുമില്ല .....കിളിപ്പാട്ടിന്റെ  ഈനങ്ങലില്ല ......പ്രണയമില്ല
.....ഒന്നുമില്ല .....ഊഷരതയിലെ  ഉഷ്ണകാറ്റ് മാത്രം .....!
അമ്മ ഭൂമിയെപോലെയാണ് ഓര്‍മ്മകളില്ലാത്ത്ത ആ മനസ്സില്‍   താങ്കളടക്കം എല്ലാം
മാഞ്ഞു പോകും '
താന്‍ വളരെ വേഗതയില്‍ ഏതോ ആഴങ്ങളിലേക്ക് പതിച്ചു കൊണ്ടിരിക്കുകയാണെന്ന് 
അയാള്‍ക്ക്‌ തോന്നി . ഡോക്ടറുടെ കൈകള്‍ അയാള്‍ മുറുകെ പിടിച്ചു  ഒരു കൊച്ചു
കുട്ടിയെ പോലെ ....
                     അമ്മയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല ....അയാളെ ചേര്‍ത്തു
പിടിച്ചു ഡോക്ടര്‍ പറഞ്ഞു ....താങ്കളെ ചികിത്സിക്കുന്നതിനു വേണ്ടി  ഞാന്‍
അമ്മയെ കൊണ്ട് അങ്ങനെ പറയിച്ചതാണ് ......കൂട്ടിക്കൊണ്ടുപോയി ശിഷ്ടകാലം
അവര്‍ക്ക് സന്തോഷവും സമാധാനവും കൊടുക്കുക ......ഓര്‍മ്മകളാണ് അവര്‍ക്ക് ജീവിതം
......
അയാള്‍ അമ്മയുടെ കണ്ണുകളിലേക്കു നോക്കി ...അവിടെ ഓര്‍മ്മകളുടെ ഉറവ പൊട്ടി
ഒഴുകിവരുന്ന  നീര്‍ച്ചാല്‍  ഹൃദയത്തില്‍ തൊടുന്നത്  അയാളറിഞ്ഞു .......
                            ചാഞ്ചാടുണ്ണി...... ചരിഞാടുണ്ണി .....
                             കുഴഞാടുണ്ണി.........  ഒന്നാടാട് .......
                                                        പാതിയിടിഞ്ഞ
കുളപ്പടവിലിരുന്നു  അമ്മ പാടുകയാണ് ............
          തണല്‍മരങ്ങള്‍

'പട്ടാപകല്‍  എണ്‍പത്തിയഞ്ചുകാരനെ തലയ്കടിച്ചു കൊന്നു വന്കവര്‍ച്ച'-  ടി വി
സ്ക്രീനിന്റെ അടിത്തട്ടിലൂടെ വാര്‍ത്ത  പുളച്ചുപാഞ്ഞുകൊണ്ടിരുന്നു. സ്വന്തം 
ഓഫീസിലിരുന്നു, നഗരത്തില്‍  പടുത്തുയര്‍ത്താന്‍ പോകുന്ന
കെട്ടിടസമുച്ച്ചയത്ത്തിന്റെ രേഖാചിത്രം  പരിശോധിച്ചു പോരായ്മകള്‍ 
കണ്ടെത്തുകയായിരുന്നു അയാള്‍.  വാതിലില്‍ മുട്ടാതെ ഡോക്ടര്‍പിഷാരടി
കടന്നുവന്നു.
തോളില്‍കൈവച്ചു ഇടറിയശബ്ദത്തില്‍ പറഞ്ഞു    'അച്ചന്‍...........'.
  പിഷാരടിയോടൊപ്പം കാറില്‍കയറി.ഓഫീസില്‍നിന്നുഭാര്യയെയുംകൂട്ടി 
വീട്ടിലേക്കുതിരിച്ചു.
മുറിച്ചുമാറ്റാന്‍ തീരുമാനിയ്കപെട്ട ഒരുവലിയ തണല്‍മരം  അപ്രതീക്ഷിതമായി
കടപുഴകിവീണതിന്റെ അമ്പരപ്പ് അവളുടെമുഖത്തുണ്ടായിരുന്നു !
ജനനിബിഡമായിരുന്നു  വീടുംപരിസരവും. പോലിസുദ്യോഗസ്തന്മാരുടെ 
അന്വേഷണവ്യഗ്രത,മാധ്യമപ്പടയുടെ ആഘോഷ പുളപ്പ്, ഉന്നതശ്രേണിയിലുള്ള
സുഹൃത്തുക്കളുടെ കനംകുറഞ്ഞ അനുശോചനവാചകങ്ങള്‍........എല്ലാവരും
മത്സരിച്ചുകൊണ്ടിരുന്നു!
മോര്ച്വറിയില്‍നിന്നും  അച്ഛനെ വൈദ്യുദശ്മശാനത്തില്‍  കൊണ്ടുപോയി
ഒരുകലശത്തില്‍ ഒതുക്കിയപ്പോള്‍ ഏറെ വൈകിയിരുന്നു.
രാത്രി.  ഉറക്കം വെറുപ്പോടുകൂടി  അയാളില്‍നിന്നു  അകന്നുപോയിരുന്നു.
പെരുമഴയത്ത്  കുഞ്ഞുപുസ്ത്തകസഞ്ചി  മാറത്ത്ചേര്‍ത്തുപിടിച്ച  കുട്ടിയെ
കൈത്തണ്ടയില്‍ഏന്തി  തുളവീണ കുടയുമായി വയല്‍വരമ്പിലൂടെ  കാറ്റിനോട്
പൊരുതിമുന്നേറുന്ന
ഒരാള്‍രൂപം അയാള്‍ക്കുമുന്നില്‍തെളിഞ്ഞു വരുകയായിരുന്നു!.
അവളുടെ  വിരലുകള്‍ നെഞ്ചിലൂടെ വെറുതെ ഇഴഞ്ഞുതുടങ്ങിയപ്പോള്‍  അയാള്‍നടുങ്ങി!.
    'വൃദ്ധസദനത്തില്‍  കൊടുത്ത  അഡ്വാന്‍സ്തുക  നാളെത്തന്നെ മടക്കിവാങ്ങണം..'.
-അവള്‍  പറഞ്ഞുനിര്‍ത്തിയപ്പോള്‍  അയാളുടെ തൊണ്ടയില്‍  ഉരുള്‍പൊട്ടലിന്റെ 
ആദ്യചലനങ്ങള്‍  തുടങ്ങിക്കഴിഞ്ഞിരുന്നു.   പതുക്കെ അയാള്‍  തിരിഞ്ഞുകിടന്നു .
പിന്നെ തലയിണയില്‍   മുഖം  അമര്‍ത്തിവച്ചു  .

പുഴ
 അലസമായി
 ഒഴുകിയൊഴുകി
 കടല്‍ കാണാതെ
 പകച്ചുനിന്നുപോയ്  പുഴ .
 തിരിച്ചൊഴുകുവാന്‍ തുടങ്ങവേ
 മുഖം തിരിച്ചുപോല്‍ പര്‍വ്വതോന്നതി .
 ആഴിയദ്രികള്‍ക്കിടയിലിന്നൊരു
 വിഷമവൃത്തമായ് ഒഴുകുന്നൂ  പുഴ .
 മോക്ഷമാര്ഗ്ഗമായ് ഗ്രീഷ്മസൂര്യനെ
  കനവുകണ്ടു കൊണ്ടൊഴുകുന്നൂ പുഴ ...