My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 15 December 2012

   സാക്ഷി  
~~~~~~~
              വസുമതി ഷോപ്പിങ്ങിനുപോകുന്ന ഞായറാഴ്ചകളിലെ അപരാഹ്നങ്ങളിലാണ് സ്വസ്ഥവും സ്വതന്ത്രവുമായ മദ്യപാനത്തിന് അവസരം കിട്ടാറുള്ളത്.ഒറ്റയ്ക്കിരുന്ന് ഓരോരോ ഓര്‍മ്മകള്‍ കൊറിച്ച് കൊണ്ട് മദ്യം നുണയുമ്പോള്‍ മനസ്സിന്റെ ഉപരിതലത്തില്‍ സുഖത്തിന്റെ നനുത്ത കുമിളകള്‍ പൊടിഞ്ഞുകൊണ്ടിരിക്കും .           രണ്ടാമത്തെ പെഗ്ഗില്‍ വെള്ളം ചേര്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് മുറ്റത്ത് കാല്‍പ്പെരുമാറ്റം കേട്ടത് .ജാലകത്തിന്റെ തിരശീലക്കിടയിലൂടെ കണ്ണോടിച്ചു .ഒരു സ്ത്രീയാണ് !. വാതില്‍ തുറന്നു .           പ്രസാദ പൂര്‍ണ്ണമല്ലാത്ത മുഖത്ത് ഒരു ചിരി പടര്‍ത്താന്‍ ശ്രമിച്ചു പരാജയപ്പെട്ട് അവള്‍ നിന്നു .
         നല്ല പരിചയം തോന്നിയെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല .ചിന്തകള്‍ നന്നായി പുകഞ്ഞുതുടങ്ങിയപ്പോള്‍ ഓര്‍മ്മകളുടെ പൊത്തില്‍നിന്നും അവള്‍ പൊടുന്നനെ ഇറങ്ങിവന്നു .
                    സുനന്ദ .........
 തന്റെ സുഹൃത്ത് റാവുത്തര്‍ ഉള്‍പ്പെട്ട പീഡന കേസിലെ പരാതിക്കാരി !.
                   ഉദരത്തില്‍ രൂപം കൊണ്ട തീനാളം ഒരഗ്നിഗോളമായി പരിണമിച്ച് മുകളിലേക്കെത്തി തൊണ്ടയില്‍ തട്ടി നിന്നു .അതിന്റെ ജ്വാലകളേറ്റ് ഉമിനീര്‍ഗ്രന്ഥികള്‍ കരിഞ്ഞു പോയതുപോലെ .വരണ്ട നാവില്‍ വാക്കുകള്‍ തളര്‍ന്നുകിടന്നു .                      "ഓര്‍ക്ക്‌ണ്ണ്ടോ.............സാറെന്നെ ........."
ഒരാമുഖത്തിന് ഇടകൊടുക്കാതെ പരിചയം ഭാവിച്ചുകൊണ്ട്‌ അവള്‍ അകത്തേക്ക് കടന്നു . ഇരിക്കാനുള്ള ക്ഷണത്തിനു കാത്തുനില്‍ക്കാതെ സോഫയില്‍ അമര്‍ന്നിരുന്നു .മുഖത്ത് വായിച്ചെടുക്കാന്‍പറ്റാത്തവിധത്തില്‍ ഭാവങ്ങളുടെ ജുഗല്‍ബന്ദി .
              പ്രതികൂലമായ തെളിവുകള്‍ക്ക് നടുവില്‍ പ്രതിക്കൂട്ടില്‍ നിന്ന് റാവുത്തര്‍ ഉരുകിക്കൊണ്ടിരുന്ന കാലം .അഭിഭാഷകന്‍റെ കൌശലത്തില്‍ പിറവികൊണ്ട രക്ഷാമാര്‍ഗ്ഗം .ഒരു സാക്ഷിയാകാന്‍ യാചിക്കുകയായിരുന്നു റാവുത്തര്‍ .പഴയകാല സൌഹൃദത്തിന്റെയും കടപ്പാടിന്റെയും പേരില്‍ ,ജീവിതത്തിന്റെ വരുംവരായ്കകള്‍ ഓര്‍ക്കാതെ ഏറ്റെടുക്കേണ്ടിവന്ന ആ സന്ദര്‍ഭം ഓര്‍ക്കുമ്പോള്‍ പലപ്പോഴും അറപ്പ് തോന്നിയിട്ടുണ്ട് .                                   കോടതിമുറിയില്‍ ആദ്യമായി കണ്ട അവളെ സാക്ഷിവിസ്ത്താരതതിനിടയില്‍ വാക്ചാതുരിയാല്‍ ചിരപരിചിതനെപ്പോലെ വരച്ചുകാണിച്ചു........ഒരഭിസാരികയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തു !.                   സമൂഹത്തില്‍ ഉന്നതസ്ഥാനീയനായ രാവുത്തരെ അപകീര്‍ത്തിപ്പെടുത്താനും പണം തട്ടാനുമുള്ള ഒരഭിസാരികയുടെ നാടകമായി കേസിനെ മാറ്റിമറിക്കാന്‍ വിലകൂടിയ അഭിഭാഷകന് തുണയായത് തന്റെ മൊഴി .           "ഞാന്‍ സുനന്ദ ...........സാറ് മറക്കാന്‍ വഴിയില്ല ............"
അവളുടെ ശബ്ദമുയര്‍ന്നപ്പോള്‍ അതുവരെ കൂട്ടിനുണ്ടായിരുന്ന ഓര്‍മ്മകളും ഒറ്റപ്പെടുത്തി കടന്നുകളഞ്ഞു .
            
                         "എന്താ ഈ വരവിന്റെ ഉദേശ്യം ........."
    ബലപ്പെടുത്തണമെന്നുണ്ടായിട്ടും പതറിപ്പോയ ശബ്ദത്തോടെ ചോദിച്ചു .
     
                 "വെറുതെ ........... ഒന്ന് കണ്ട് നന്ദിപറയാന്‍ ........"
                        പരിഹാസം പൂവിട്ട വാക്കുകള്‍
     
"കോടതീന്നെറങ്ങ്യെപിന്നെ ജീവിതം വല്ലാണ്ട് മാറിപ്പോയി സാറേ ...... 
മക്കളേം കൊണ്ട് വിശ്വേട്ടന്‍ എവിടെക്കോ പോയി ..........തുണിക്കകടേലെ പണീം പോയി ......രാത്രിയായാ പുരയ്ക് ചുറ്റും ആളുകളുടെ തെറിവിളീം കല്ലേറും ....."

ഇടര്‍ച്ചയില്ലാത്ത ശബ്ദത്തില്‍ അവള്‍ പറഞ്ഞുകൊണ്ടിരുന്നെങ്കിലും കണ്കോണില്‍ നിന്നും ഒരു തുള്ളി അടര്‍ന്നുവീണ് കവിളിലൂടെ നിര്‍ലകഷ്യമായി ഒഴുകി .

          വരണ്ടുണങ്ങിയ തൊണ്ടയില്‍ വാക്കുകള്‍ മുളപ്പിചെടുക്കാന്‍ഞാനൊരു ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല .           വസുമതിയുടെ വരവറിയിച്ചുകൊണ്ട് ഗേറ്റിനരികില്‍ സ്ത്രീകളുടെ സംസാരവും ചിരിയും .
        സുനന്ദ പെട്ടെന്നെഴുന്നേറ്റു അകത്തേക്ക് നടന്നു .ഒരു നിമിഷം പകച്ചെങ്കിലും പിന്നാലെ ചെന്ന് തടയാന്‍ ഒരു ശ്രമം നടത്തിനോക്കി .
       അവള്‍ കിടപ്പുമുറിയിലെത്തിയിരുന്നു.മുടിയിലണിഞ്ഞിരുന്ന മുല്ലമൊട്ടുകളില്‍ കുറെ പറിച്ചെടുത്ത്‌ അവള്‍ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു .പിന്നെ തൂവാലകൊണ്ട്‌ നെറ്റിയിലെ സിന്ദൂരം തുടച്ചെടുത്ത്‌ ഒരു നിമിഷാര്‍ദ്ധം കൊണ്ട് എന്റെ മുഖത്തും വസ്ത്രത്തിലും തേച്ചു .
                അവഞ്ഞ നിറഞ്ഞ നോട്ടത്തോടെ പറഞ്ഞു
                                      "ഈ കോടതിയില്‍ സാക്ഷികള്‍ വേണ്ട സാറേ ...........സാഹചര്യത്തെളിവുകള്‍ ധാരാളം മതി ..."

പുറത്ത് വസുമതിയുടെ കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അവള്‍ പുറത്തേക്കു നടന്നു .വാതില്‍ക്കലെത്തിയപ്പോള്‍ തിരിഞ്ഞുനിന്നു പറഞ്ഞു

                "ഉരുകട്ടെ .........ഉള്ള് നന്നായൊന്നുരുകട്ടെ ......മനസൊന്നു വൃത്തിയാകട്ടെ ........"
ഒരു കൊടുംകാറ്റിന്റെ വേഗത കൈവരിച്ച് അവള്‍ പോയി .തിടുക്കത്തില്‍ കിടക്കയിലെ മുല്ലമൊട്ടുകള്‍ പെറുക്കാന്‍ തുടങ്ങിയപ്പോള്‍ വാതില്‍ക്കല്‍ വസുമതി .

അവളുടെ കണ്ണുകളില്‍ തെളിഞ്ഞ കനലുകള്‍ ഒരു ജ്വാലയായി എന്നിലേക്ക്‌ പടര്‍ന്നുകയറികൊണ്ടിരിക്കുകയാണ്...........!    

No comments:

Post a Comment