My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Friday, 19 October 2012

കനല്‍വഴികളില്‍  മഞ്ഞുപെയ്യുന്നു
~~~~~~~~~~~~~~~~~~~~~~~~~~

           ശിവശങ്കരമേനോന്റെ മരണം നന്ദിനി ടീച്ചെര്‍ക്ക് ഒരു ഭര്‍ത്താവിന്റെ വേര്‍പാട് മാത്രമായിരുന്നില്ല .മക്കളില്ലാത്ത ജീവിതത്തിന്റെ ഊഷരത വളരെക്കാലത്തിനു ശേഷം അവര്‍ക്കനുഭവപ്പെട്ടത് അപ്പോഴായിരുന്നു . അനപത്യദുഖത്തിന്റെ ഉഷ്ണക്കാറ്റിനെ ഒരു പര്‍വ്വതം പോലെ തടഞ്ഞുനിര്‍ത്തി ടീച്ചറുടെ ജീവിതത്തില്‍ സുരക്ഷിതത്വത്തിന്റെ ആത്മവിശ്വാസവും ആഹ്ലാദത്തിന്റവര്‍ണ്ണപൊട്ടുകളും   നിറയ്ക്കുവാന്‍മേനോന്കഴിഞ്ഞിരുന്നു. മേനോന്റെ അപ്രതീക്ഷിതമായ വേര്‍പാടില്‍ , അലയാഴിക്കു നടുവില്‍ ഇരുട്ടില്‍ ദിക്കറിയാതുഴലുന്ന നാവികന്റെ  ഭയപ്പാട് അവര്‍ക്കനുഭവപ്പെട്ടു .

വാഴ്വിന്റെ വീഥിയില്‍   തനിച്ചു നടക്കാമെന്ന ദൃഡനിശ്ചയവുമായി കഴിഞ്ഞിരുന്ന ജീവിതത്തിന്റെ അപരാഹ്നത്തില്‍ ഒരു നിയോഗം പോലെ മേനോന്‍ വന്നു ചേരുകയായിരുന്നു .മനസ്സിലെ ശിലാലിഖിതങ്ങള്‍  ഹിമഫലകങ്ങളാക്കി അലിയിചെടുക്കു
ന്ന മേനോന്റെ മാസ്മരികതയില്‍ ടീചെര്‍ക്ക് കാലിടറി.പിന്നെ ഒരു നിഴലുപോലെ നടന്നു തുടങ്ങി .മേനോന്‍ അവരെ ചേര്‍ത്തുപിടിച്ചു ഒപ്പം നടത്തി ഒരുപാട് വസന്തവനികള്‍ പിന്നിട്ടു .ഒടുക്കം തനിച്ച്‌ പൊയ്ക്കളഞ്ഞു ........അതും ഒന്നും പറയാതെ .........

ഇനി സഹയാത്രികന്റെ സാന്ത്വനമില്ലാതെ ,സ്നേഹത്തികവിന്റെ നനുത്ത സ്പര്‍ശമില്ലാതെ, വ്യഥയുടെ കനല്‍വഴികളില്‍ തനിച്ചുള്ള യാത്ര .....അത് സങ്കല്‍പ്പിക്കാനാകാതെ ടീച്ചര്‍ ബോധാബോധങ്ങള്‍ക്കിടയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നു .......

മേനോന് തറവാട്ടില്‍ നിന്നും ഒരു നിഷേധിയുടെ സ്ഥാനം നേരത്തെതന്നെ കല്പ്പിച്ചുകിട്ടിയിരുന്നതുകൊണ്
ട് മരണവാര്‍ത്തയറിഞ്ഞു കുടുംബക്കാര്‍ അധികമൊന്നും എത്തിയിരുന്നില്ല .വന്നവരാകട്ടെ മുഖംകാണിച്ചു മടങ്ങി .കാര്യങ്ങള്‍ നടത്തുവാന്‍ ടീച്ചറുടെ ആളുകളുണ്ടായിരുന്നു .

ചടങ്ങുകള്‍ കഴിഞ്ഞു ആളുകള്‍ പിരിഞ്ഞു .ഒരു വല്ലാത്ത ശൂന്യത അവിടമാകെ നിറഞ്ഞു.മരച്ചില്ലകളില്‍ സ്ഥാനം പിടിച്ചിരുന്ന ബലിക്കാക്കകള്‍ കുറച്ചുനേരംകൂടി കാത്തു.പിന്നെ നിരാശയോടെ മടങ്ങി .

         ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു നട്ടുച്ച നേരത്തായിരുന്നു അയാള്‍ നന്ദിനി ടീച്ചറുടെ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെട്ടത് .ഒതുക്കിവയ്ക്കാത്ത മുടിയും കുറ്റിരോമങ്ങള്‍ എഴുന്നു നില്ക്കുന്ന മുഖവും കണ്ണുകളിലെ തീക്ഷ്ണഭാവവും അയാളിലെ പരുക്കന്‍ സ്വഭാവത്തിന്റെ അടയാളങ്ങളായി തോന്നിച്ചു .
       കോളിംഗ് ബെല്‍ തിരയാനൊന്നും മിനക്കെടാതെ അയാള്‍ ശബ്ദമുയര്‍ത്തി വിളിച്ചു ചോദിച്ചു
                                      'ആരുല്യേ വ്‌ടെ .....'
ആരെയും കാണാതെ അയാള്‍ ഒരിക്കല്‍ക്കൂടി ഉച്ചത്തില്‍ വിളിക്കാനൊരുങ്ങുന്നതിനിടയില്‍ ടീച്ചര്‍ വാതില്‍ തുറന്നു .ഒരു ചെറുചിരിയോടെ ചോദിച്ചു 
                                     'ആരാ...........'
           'ശിവശങ്കരമേനോന്റെ .........'              അവര്‍ക്ക് മുഖം കൊടുക്കാതെ അയാള്‍ പറഞ്ഞുനിര്‍ത്തി .
                      'കയറിവരൂ.............മേനോന്റെ ആരാ ........'    ടീച്ചറുടെ വാക്കുകളില്‍ ആകാംഷയുടെ നേര്‍ത്ത തെളിച്ചം .
                                   ' ഒരകന്ന ബന്ധുവാണ് .........'
പതുക്കെ അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ട്‌ അയാള്‍ പറഞ്ഞു .അപ്പോഴാണ്‌ ആ മുഖം അയാള്‍ ശരിക്കും കണ്ടത് .മനസ്സില്‍ അമ്മ വരച്ചുപിടിപ്പിച്ചിരുന്നതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു സൌമ്യഭാവമാര്‍ന്ന ടീച്ചറുടെ രൂപം .നല്ല ഐശ്വര്യം നിറഞ്ഞ മുഖം .പുകമഞ്ഞിലേക്ക്‌ അരിച്ചിറങ്ങുന്ന നിലാവ് പോലുള്ള പുഞ്ചിരി .കുലീനത തുളുംബിനില്‍ക്കുന്ന പെരുമാറ്റം .
           മനസ്സില്‍ അനിര്‍വചനീയമായ ഒരു സുഖം അനുഭവിച്ചുകൊണ്ടിരിക്കെ ഓര്‍മ്മയില്‍ അമ്മയുടെ വാക്കുകള്‍ ചരല്‍ക്കല്ലുകളായി വന്നു പതിച്ചു .          'രാക്ഷസിയാണവള്‍..........രാക്
ഷസി .........മനുഷ്യനെ പച്ചയ്ക്ക് ചോര കുടിക്കുന്ന രാക്ഷസി .......'
             ചരട് പൊട്ടിപ്പോയ പട്ടം ഏതോ പൂമരക്കൊമ്പില്‍ കുരുങ്ങിക്കിടന്നാടുനത് നോക്കി രോഷം കൊള്ളുന്ന ഒരു കുട്ടിയെയായിരുന്നു അമ്മയുടെ വാക്കുകളില്‍ അയാള്‍ക് കാണാന്‍ കഴിഞ്ഞിരുന്നത് .
                       'ചായ വേണം ...........നാണിയമ്മേ........'   
              ടീച്ചര്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞപ്പോള്‍ അയാള്‍ ചിന്തകളില്‍ നിന്നും കുതറിമാറി .
   ' ആട്ടെ...........എന്താ കുട്ടീടെ പേര് ..........'  അവരുടെ ആ വിളിയില്‍ ഉള്ളിലും പുറത്തും അയാള്‍ തേച്ചുപിടിപ്പിച്ചിരുന്ന പരുക്കന്‍ ഭാവം വല്ലാതെ ചുരുങ്ങിപ്പോയിരുന്നു !.
                           'അരുണ്‍.........'  പറഞ്ഞതില്‍ തൃപ്തി പോരാഞ്ഞിട്ടെന്നോണം അയാള്‍ ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു  
                       'അരുണ്‍ ശങ്കര്‍ ....‍'        നാണിയമ്മ കൊണ്ടുവന്ന ചായ എടുത്തുകൊടുക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു ......
                              
      'നേരം വൈകി .........കുട്ടി ഇന്നിനി മടങ്ങണ്ട .........ഇന്നിവിടെകഴിയാം ......'
 ദൌത്യം പൂര്‍ത്തീകരിച്ചു മാത്രമേ മടക്കമുള്ളു എന്ന് മനസ്സിലുറപ്പിച്ചിരുന്നതുകൊണ്ട് അയാള്‍ ഒന്നും പറഞ്ഞില്ല .

            സന്ധ്യയ്ക്ക് നാമജപം കഴിഞ്ഞ് നെറ്റിയില്‍ ഭസ്മക്കുറിയുമായി അവര്‍ പൂമുഖത്ത് അയാള്‍ക്കഭിമുഖമായി ഇരുന്നു .അകത്തുനിന്നും ഒഴുകിവന്ന ചന്ദനത്തിരിയുടെ പരിമളം പുറത്തുനിന്നെത്തിയ ഏതോ കാട്ടുപൂവിന്റെ മണവുമായി കൂടിച്ചേര്‍ന്ന് ഒരു പ്രത്യേക ഗന്ധമായി പരിണമിച്ചിരുന്നു . അവരുടെ മുഖത്ത് പരിലസിച്ചിരുന്ന ഐശ്വര്യത്തിന്റെ പ്രഭാപൂരം അയാളുടെ ഹൃദയത്തിലേക്ക് മെല്ലെ  അരിച്ചിറങ്ങിക്കൊണ്ടിരുന്നു.
             'ശരിക്കും കുട്ടി ശിവേട്ടന്റെ ആരാ ........'  നിറഞ്ഞു നിന്ന മൌനത്തെ ഉടച്ചുകൊണ്ട് അവര്‍ ചോദിച്ചു .
ചിതറിപ്പോയ മൌനത്തിന് കടന്നുകയറാന്‍ ഇടം കൊടുക്കാതെ അയാള്‍ പെട്ടന്ന് പറഞ്ഞു .
            'മകന്‍........ ശിവശങ്കരമേനോന്‍ എന്ന സന്ഗീതഞ്ഞനെ മോഹിച്ച് ജീവിതം തുലച്ചുകളഞ്ഞ വസുന്ധരാദേവിയുടെ മകന്‍ ....ഒരു പാഴ്ജന്മ്മം ............'
  ഒരാവേശത്തോടെ അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ വാക്കുകളിലെ കോപത്തിന്റെയും നിസ്സഹായതയുടെയും സങ്കടത്തിന്റെയും നേര്‍ത്ത ജ്വാലകള്‍ അവരെ തൊട്ടു .
ഒന്നും മിണ്ടാതെ അല്‍പനേരം അവര്‍ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു .അയാളുടെ വാക്കുകള്‍ ഒരു വലിയ കള്ളമാണെന്ന് കണ്ടെത്താനുള്ള അടയാളങ്ങള്‍ തിരയുകയായിരുന്നു അവര്‍ .പക്ഷെ ആ നീണ്ട മൂക്കും അല്‍പ്പം മലര്‍ന്ന കീഴ്ച്ചുണ്ടും നോക്കിനില്‍ക്കവേ ആ മുഖത്തുനിന്നും മേനോനെ വ്യക്തമായി വായിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു .

  അപ്പോള്‍ അവരുടെ മനസ്സില്‍ നുരഞ്ഞുപൊങ്ങിയത്  രോഷത്തെക്കാള്‍ അസഹ്യമായ സങ്കടമായിരുന്നു .നിയന്ത്രിക്കാനാകാതെ അയാളുടെ കൈ പിടിച്ചുകൊണ്ട് അവര്‍ അകത്ത് സ്വീകരണമുറിയിലേക്ക് തിടുക്കത്തില്‍ നടന്നു .ഒന്ന് കുതറിമാറാന്‍ പോലും അയാള്‍ക്ക്‌ കഴിഞ്ഞില്ല .
   സ്വീകരണമുറിയുടെ ഭിത്തിയില്‍ ചില്ലിട്ടു തൂകിയിരുന്ന മേനോന്റെ ചിത്രത്തിനു മുന്‍പില്‍ നിന്ന് അവര്‍ വിങ്ങിപ്പൊട്ടി .
         ' എന്നോട് പറഞ്ഞില്ലല്ലോ .......ഇത്രേം കാലം കൂടെക്കഴിഞ്ഞിട്ടും ............നമുക്കൊരുമിച്ച് സ്നേഹിക്കാമായിരുന്നില്ലേ ഇവനെ ......എന്റെ കുട്ട്യായി ചേര്‍ത്തുപിടിക്കുമായിരുന്നില്
ലേ  ഞാന്‍ ............'
അവിടെ അങ്ങിനെ ഏറെനേരം നിന്നാല്‍ താന്‍ ഉരുകിത്തീര്‍ന്നുപോകും എന്ന തിരിച്ചറിവ്  അയാളെ  പുറത്തേക്ക് നയിച്ചു .വര്‍ഷങ്ങളായി തന്റെ മനസ്സില്‍ അമ്മ നട്ട്  നനച്ച് വിരിയിച്ചെടുത്ത വിദ്വേഷത്തിന്റെ പൂക്കള്‍ ആ കണ്ണീരിന്റെ ചൂടേറ്റു വാടിതുടങ്ങിയത് അയാളറിഞ്ഞു .

പിന്നീടവരെ പുറത്തേക്കൊന്നും കണ്ടില്ല .നാണിയമ്മ വിളമ്പിയ അത്താഴം വേണ്ടെന്നു വച്ച് അയാള്‍ പൂമുഖത്തെ തിണ്ണയില്‍ ഉറക്കം വരാതെ കിടന്നു .അമ്മയുടെ വാക്കുകള്‍ നരിച്ചീറുകള്‍ പോലെ വട്ടമിട്ടു പറന്നു .
                   ' വലിച്ചിഴച്ച് വീടിനു പുറത്താക്കണം ..........അവളെ .......എന്നിട്ട് വാതിലും പൂട്ടിയിട്ടേ നീ തിരിച്ചുവരാവൂ .........' 
ഒരുപോള കണ്ണടയ്ക്കാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു .ഇരുട്ടില്‍ നിന്നും വെളിച്ചം വിരിഞ്ഞുവരുന്നത്‌ അയാള്‍ കണ്ടു .എങ്ങിനെയെങ്കിലും അവിടെനിന്നും രക്ഷപെട്ടാല്‍ മതി എന്ന തോന്നല്‍ അയാളില്‍ ശക്തമായി തുടങ്ങിയിരുന്നു .

പ്രഭാതത്തില്‍ ടീച്ചര്‍ തലേദിവസം കാണപ്പെട്ടതിനേക്കാള്‍ പ്രസന്നവതിയായിരുന്നു .അവര്‍ സ്നേഹത്തോടെ അയാള്‍ക്ക്‌ പ്രാതല്‍ വിളമ്പിക്കൊടുത്തു. ഇതുവരെ ഇത്ര രുചിയോടെ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നയാളോര്‍ത്തു .

  യാത്രപറയാതെ അയാള്‍ മുറ്റത്തേക്കിറങ്ങിയപ്പോള്‍ അവരും കൂടെ നടന്നു .പടിക്കലെത്തിയപ്പോള്‍ അവര്‍ പറഞ്ഞു .
           'സൗകര്യം കിട്ടുമ്പോള്‍ കുട്ടി വരണം .ഇക്കാണുന്ന വീടും പറമ്പും നിന്റെ പേരിലേക്ക് പ്രമാണമാക്കി വയ്കണം ......ഇനി നീയാണിതിന്റെ അവകാശി .........എനിക്ക് ശിവേട്ടന്റെ ഓര്‍മ്മകളുമായി ഇവിടെ കഴിയാനുള്ള അനുവാദം മാത്രം മതി .......അതും കുട്ടിയ്ക്ക് വിരോധമില്ലെങ്കില്‍ മാത്രം .........'

 അതുവരെ അയാള്‍ പ്രയാസപ്പെട്ടു തടഞ്ഞുനിര്‍ത്തിയ സങ്കടത്തിന്റെ ആകാശം പൊടുന്നനെ പെയ്തുതുടങ്ങി .തോള്‍ സഞ്ചിയില്‍നിന്നും ഒരു പ്രമാണം എടുത്തു അവരുടെ കൈകളില്‍ വച്ചുകൊണ്ട് ഇടര്‍ച്ചയോടെ അയാള്‍ പറഞ്ഞു .
                    'ഈ പുരയിടത്തിന്റെ പ്രമാണമാണ് .........ഒരിക്കല്‍ ഞാനും അമ്മയും ഭീഷണിപെടുത്തി അച്ഛനില്‍ നിന്നും എഴുതി വാങ്ങിയ പ്രമാണം ....'         


പിന്നെ അയാള്‍ക്ക് വാക്കുകളൊന്നും വന്നില്ല അവരുടെ രണ്ടു കൈകളും പിടിച്ച് നെഞ്ചോട്‌ ചേര്‍ത്തുകൊണ്ട് അയാള്‍ പറയാന്‍ ശ്രമിച്ചത് ശബ്ദത്തിന്റെ ഇടര്‍ച്ചയാല്‍ അവ്യക്തമായിരുന്നെങ്കിലും അവര്‍ക്കത്‌ എളുപ്പം മനസ്സിലായിരുന്നു .അമ്മേ.. എന്നുള്ള ഒരു വിളിയായിരുന്നു അത് . ആ സ്നിഗ്ദ മന്ത്രണത്തിന്റെ അസുലഭമായ അനുഭൂതിയില്‍ അവര്‍ കുറേനേരം ലയിച്ചുനിന്നു .......അയാളുടെ ഹൃദയാകാശത്തില്‍ അപ്പോള്‍ സങ്കടമേഘങ്ങള്‍ ഒഴിഞ്ഞു തുടങ്ങിയിരുന്നു .
                                                                                                                          * വിനോദ് വൈജയന്തം 

4 comments:

 1. മനോഹരമായ കഥ

  ReplyDelete
 2. നമുക്കൊരുമിച്ച് സ്നേഹിക്കാമായിരുന്നില്ലേ ഇവനെ ......എന്റെ കുട്ട്യായി ചേര്‍ത്തുപിടിക്കുമായിരുന്നില് ലേ ഞാന്‍ .
  നന്നായി എഴുതി.... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

  ReplyDelete
 3. നന്നായിരിക്കുന്നു ഒരു പുതുമ എഴുത്തില്‍
  ഇനിയും തുടരുക ഭാവുകങ്ങള്‍ ...

  ReplyDelete