My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Sunday, 3 June 2012

        ഗ്രാമത്തില്‍ ബസ്സിറങ്ങി ആദ്യംകണ്ടയാളോട്തന്നെ നകുലന്‍റെ വാസസ്ഥലത്തെകുറിച്ച് അപര്‍ണ ചോദിച്ചു.
പാടത്തിന്റെ ഓരംചേര്‍ന്ന് പോകുന്ന ചെമ്മണ്‍പാതയിലൂടെ ചെന്നാല്‍ കാണുന്ന കവലയില്‍ നിന്നു അന്വേഷിച്ചാല്‍ മതിയെന്ന
ഒരേകദേശധാരണ അവള്‍ക്കുമുന്നില്‍ എറിഞ്ഞുകൊടുത്തു അയാള്‍ തിടുക്കത്തില്‍ നടന്നുപോയി.
അവള്‍ ചെമ്മണ്‍പാതയിലെക്കിറങ്ങി . വശങ്ങളില്‍ പൊടിമണ്ണില്‍ കുളിച്ചു പച്ചപ്പ്‌ നഷ്ടപെട്ട തെങ്ങോലകള്‍ കാറ്റില്‍ ആടിക്കൊണ്ടിരുന്നു.
ഓര്‍ക്കൂട്ടിലെ ചാറ്റിംഗ് സന്ധ്യകളിലൊന്നില്‍ നകുലനെ അവള്‍ അവിചാരിതമായി കണ്ടെത്തിയതായിരുന്നു. കര്‍ണികാരം എന്ന വാക്കായിരുന്നു ശ്രദ്ധയില്‍പെട്ടത് .നകുലന്‍റെ പ്രൊഫൈലില്‍ വീടിന്റെ പേരായിചേര്‍ത്തിരുന്നവാക്ക്.അര്‍ത്ഥംഅറിയാതിരുന്നത്‌കൊണ്ടോ എന്തോ വെറുതെ ഒരു കൌതുകം തോന്നി. അര്‍ത്ഥം അറിഞ്ഞപ്പോള്‍ മനസ്സില്‍ സന്തോഷം തോനാതിരുന്നില്ല. തനിക്കിഷ്ടപെട്ട കണിക്കൊന്ന!.
പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന സൌഹൃദവൃക്ഷത്തിന്റെ ചില്ലയില്‍ നിന്നും അയാളെ പതുക്കെ പിടിച്ചെടുത്തു തന്‍റെ കൂട്ടിലേക്ക് ചേര്‍ത്തു വയ്ക്കുകയായിരുന്നു . കുറേക്കാലം കുറുമ്പ് കാണിച്ചുനിന്നു . പിന്നെ മെല്ലെചേര്‍ന്ന്നിന്നു.
സന്ധ്യക്ക്‌ തുടങ്ങി പാതിരാത്രികള്‍ പിന്നിടുന്ന ചാറ്റിംഗ് വേളകളില്‍ അയാളുടെ ഭാവപ്പകര്‍ച്ചകള്‍ അമ്പരപ്പിച്കളഞ്ഞിട്ടുണ്ട്.
ചിലപ്പോള്‍ ഒരു ദാര്‍ശനികനെപോലെ ഗഹനമായ വിഷയങ്ങളുമായി പ്രത്യക്ഷപ്പെട്ടു . മറ്റുചിലപ്പോള്‍ പ്രണയത്തിന്റെ നനുത്ത തൂവല്‍സ്പര്‍ശം പോലെ. ഗുരുസ്ഥാനത്ത് നിന്നു ഉപദേശങ്ങളുടെ ഭാണ്ഡംഅഴിക്കുന്ന ചിലവേളകള്‍. ഒരു വല്യേട്ടന്റെ ഉത്തരവാദിത്തത്തോടെ സുരക്ഷിതത്വത്തിന്റെ മതില്‍കെട്ടുകള്‍ പണിതുയര്‍ത്തിയ സന്ദര്‍ഭങ്ങള്‍…. വെറുതെ വേദനിപ്പിച്ചു ദൂരെമാറിന്നു
കണ്ണിറുക്കിചിരിക്കുന്ന ഒരുവികൃതികുട്ടിയുടെ ഭാവത്തിലായിരുന്നു ചിലപ്പോള്‍.
സത്യത്തില്‍ നകുലന്‍ ആരായിരുന്നു………ഇപ്പോഴും അറിയില്ല……
പ്രണയത്തിന്റെ പൂമ്പൊടികള്‍ പുരണ്ട വരികളായിരുന്നു അയാളുടെ കവിതകള്‍. തന്‍റെ മനസ്സ് അറിയാതെ തൊട്ടെടുത്തതും അതായിരുന്നു. തന്‍റെ പ്രണയപഥങ്ങളില്‍ കാല്‍വയ്ക്കാതെ മുഖം തിരിച്ചുമടങ്ങിപോകുവാന്‍ അയാള്‍വ്യഗ്രതപ്പെടുന്നത് അറിഞ്ഞിട്ടും
നിരാശപെടാതെ കൂടെ നടക്കുകയായിരുന്നു.
തീര്‍ത്തും അപ്രതീക്ഷിതമായി ഒരിക്കല്‍ നകുലന്‍ അപ്രത്യക്ഷനാവുകയായിരുന്നു. പോസ്ടിങ്ങുകളും കമന്റുകളും
ഇല്ലാതെ…. ചാറ്റിങ്ങിനെത്താതെ…..കുറേക്കാലം. രാത്രിമുഴുവനും കാത്തിരുപ്പ്തുടര്‍ന്ന വിരസതയുടെ നാളുകള്‍ . എപ്പോഴെങ്കിലും ഒരു പുതിയ കവിതയുമായി അയാള്‍ വരുമെന്ന് മനസ്സിനെ വ്ശ്വസിപ്പിക്കാന്‍ ശ്രമിച്ചു പരാജയപെട്ടു. പറയാതെ പോയതിലുള്ള സങ്കടം വിദ്വേഷമായി മാറാന്‍ തുടങ്ങുകയായിരുന്നു….
ചിന്തയുടെ ചിറകിലേറിയതുകൊണ്ട് വെയില്ചൂടും ദൂരവുമറിയാതെ കവലയിലെത്തി. ആളുകള്‍ അധികമുണ്ടായിരുന്നില്ല. മുറുക്കാന്‍ കടയില്‍കണ്ട മധ്യവയസ്കനോട് നകുലന്‍റെ വീടന്വേഷിച്ചു. അയാള്‍പുറത്തേക്കു ഇറങ്ങിവന്നു ദൂരേക്ക്‌ വിരല്‍ചൂണ്ടി പറഞ്ഞു.
‘ദാ…..ആ കൊന്ന പൂത്തുനിക്കനത് കണ്ടില്ലേ……. അവ്ടത്തന്നെ’
ആകാശത്ത് മഞ്ഞപരവതാനി വിരിച്ചിട്ട കൊന്നമരം…….നകുലന്‍റെ പ്രിയപ്പെട്ട കര്‍ണ്ണികാരം………
‘ഇക്കൊല്ലം നേര്‍ത്തയാ…….മൂപ്പരുടെ ആഘോഷം….വിഷു എത്താന്‍ നിക്കില്യാന്ന തോന്നണേ…….’
ആരോടെന്നില്ലാതെ അയാള്‍ പറഞ്ഞ വാക്കുകളിലെ നൈരാശ്യത്തിന്റെ നിഴല്‍ തന്‍റെ ഉള്ളില്‍ തൊട്ടതായി അവള്‍ക്കു തോന്നി.
വിരസമായ ദിനങ്ങളെ തള്ളിനീക്കാന്‍ പ്രയാസപ്പെട്ട കാലം. ഒരിക്കല്‍ ഓര്‍ക്കൂട്ടില്‍ അലസമായി അലഞ്ഞ രാത്രിയില്‍ പുതിയ കവിതയുമായി അയാള്‍ പ്രത്യക്ഷനായപ്പോള്‍ മനസ്സിന്‍റെ ഊഷരതയില്‍ പുതിയ നാമ്പുകള്‍ ഉണര്‍ന്നു. പഴയ ബന്ധം പുതുക്കിയപ്പോള്‍ അറിഞ്ഞു അയാളില്‍ വന്ന മാറ്റം. തന്നെ വഴി മാറ്റി നടത്താനുള്ള തീവ്രശ്രമം. ഉപദേശങ്ങള്‍…..യാചനകള്‍….ഭീഷണികള്‍…..
നേരില്‍കണ്ട്‌ സംസാരിക്കണമെന്ന തന്‍റെ ആവശ്യം, കാണാന്‍ ശ്രമിക്കരുത്എന്ന താക്കീതോടെ നിഷ്കരുണം തള്ളുകയായിരുന്നു.
അന്ന് തുടങ്ങിയ അന്വേഷണം ഇപ്പോള്‍ ഈ കര്‍ണ്ണികാരത്തിന്റെ ചുവട്ടിലേക്ക്‌ എത്തുകയാണ്……!
കൊന്നപ്പൂക്കള്‍ വീണുകിടന്ന നടവഴിയിലൂടെ മുറ്റത്തെത്തി. പൂമുഖത്ത് അര്‍ദ്ധസുഷുപ്തിയിലായിരുന്ന വൃദ്ധന്‍ ശബ്ദംകേട്ട്
പതുക്കെകണ്ണുകള്‍ തുറന്നു. പിന്നെ അകതെക്കെന്നോണം വിളിച്ചു.
‘രാധികേ……..ദേ ആരോ….വന്നിരിക്കണ്…..’
അകത്തുനിന്നും സുന്ദരമായമുഖമുള്ള ഒരു മെലിഞ്ഞ സ്ത്രി കടന്നുവന്നു. കൂടെ ഒരെട്ടുവയസ്സുകാരിയും.
‘ അപര്‍ണയല്ലേ……….കയറിവരൂ….’
പെട്ടന്നുണ്ടായ അമ്പരപ്പില്‍ യാന്ത്രികമായി അകത്തേക്ക് കയറി.
‘ഞാന്‍ രാധിക…..നകുലെട്ടന്റെ ഭാര്യ…….ഇത് മകള്‍ ശ്വേത..’
രാധിക സ്വയം പരിചയപെടുത്തിയപ്പോള്‍ ഹൃദയം ഒരു മുള്‍കൂട്ടില്‍ ഇറക്കിവച്ചതുപോലെ അനുഭവപ്പെട്ടു. ഭാവമാറ്റം ഒളിപ്പിക്കാനെന്നോണം പെട്ടന്ന് ചോദിച്ചുപോയി.
‘ നകുലന്‍…………….’
‘ആറുമാസംമുന്‍പ് കോളേജില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീണു….. മൂന്ന്ദിവസം ആശുപത്രിയില്‍ കിടന്നു പൊരുതിനോക്കി……..ഇപ്പോള്‍ നകുലേട്ടന്‍ ജീവിച്ചിരിക്കുന്നത്‌ എന്‍റെ മനസ്സിലാണ്…….ഓര്‍മ്മകളായി…….’
രാധികയുടെ ശബ്ദത്തില്‍ ഒരു വിലാപത്തിന്റെ ശ്രുതി ചേര്‍ന്നിരുന്നു.
പ്രിയതരമായി മനസ്സില്‍ കാത്തുവച്ച ഒരു വെണ്ണ്‍ശംഖ് ഉടഞ്ഞു ചിതറിതെറിച്ചുപോകുന്നത് നിസ്സഹായതയോടെ കണ്ടുനിന്നു .
മനസ്സ് പൊരുത്തപ്പെടുന്നില്ല . രണ്ടു ദിവസം മുന്‍പും തന്നോട് ചാറ്റ് ചെയ്തിരുന്നു എന്ന സത്യം നീട്ടിപിടിച്ചു നകുലന്‍ ജീവിച്ചിരിക്കുന്നു എന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി.
ഇടര്ച്ചയുള്ള ശബ്ദത്തോടെ ശബ്ദത്തോടെ രാധിക പറഞ്ഞു തുടങ്ങി….
‘നകുലേട്ടന്‍ ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം ….അതിനുവേണ്ടി മാത്രം ഡയറിതാളുകളില്‍ ബാകിവച്ചുപോയ കവിതകള്‍ അദ്ധേഹത്തിന്റെ പാസ് വേഡ് ഉപയോഗിച്ച് ഞാന്‍ പോസ്റ്റ്‌ ചെയ്യുകയായിരുന്നു…..ചാറ്റിങ്ങിനിടെ അപര്‍ണയെ പിന്തിരിപ്പിക്കുവാന്‍ കടുത്ത ഭാഷ പ്രയോഗിച്ചതും ഭീഷണിപ്പെടുത്തിയതും ഞാനായിരുന്നു …….എന്നോട്………’
ഗദ്ഗടതാല്‍ മുറിഞ്ഞുപോയ വാക്കുമായി അവള്‍ അകത്തേക്ക് പാഞ്ഞുപോയി
ഒന്നും മനസ്സിലാവാതെ അരികില്‍ മിഴിച്ചു നിന്ന എട്ട് വയസ്സ്കാരിയെ അപര്‍ണ തന്നോട് ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ചുംബിച്ചു
പിന്നെ തിരിഞ്ഞു നടന്നു
കാറ്റില്‍ കര്‍ണ്ണികാരപൂക്കള്‍ വീണുകൊണ്ടേയിരുന്നു . കര്‍ത്തവ്യം നേരത്തെ പൂര്‍ത്തീകരിച്ചു സുഷുപ്തിയിലേക്ക് വീഴാന്‍ കാത്തുനില്‍ക്കുന്ന കൊന്നമരത്തെ അവള്‍ വെറുതെ ഒന്ന് നോക്കി. വെറുതെ………

No comments:

Post a Comment