My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 30 June 2012

അടയാളങ്ങള്‍                                                    
ആകാശത്ത് അടുത്ത മഴ പെയ്യാനുള്ള  സാധ്യതയുടെ  ചില അടയാളങ്ങള്‍ തെളിഞ്ഞു കിടന്നിരുന്നു .പെയ്തു തോര്‍ന്ന മഴയുടെ അവശിഷ്ടങ്ങള്‍ മരച്ചില്ലകളില്‍ തൂങ്ങികിടന്നു .ഇല്ലിമുള്ളുകള്‍ കൊണ്ട് തീര്‍ത്ത വേലിക്കരികില്‍ അയാള്‍ നിന്നു .ശ്രദ്ധാപൂര്‍വ്വം ചുറ്റിലും കണ്ണോടിച്ചു .കണ്‍വട്ടത് വീടുകളൊന്നും കാണാഞ്ഞത് അയാളിലെ ആത്മവിശ്വാസം ബലപെടുത്തി.ആരുടേയും കണ്ണില്‍ പെട്ടില്ല എന്ന ബോധത്തോടെ നടവഴിയിലൂടെ അയാള്‍ നടന്നുതുടങ്ങി .
വീടിന്റെ പൂമുഖത്ത്‌ ഒരു ചെറിയ പെണ്‍കുട്ടി ഇരിക്കുന്നത് അയാള്‍ ദൂരെ നിന്നെ കണ്ടിരുന്നു .അവള്‍ ഏതോ പുസ്തകത്തില്‍ മിഴികളൂന്നി ഇരിക്കുകയായിരുന്നു .
അയാള്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ അവള്‍ മുഖമുയര്‍ത്തി .
                  'അച്ചമ്മേ ..........ദേ ...........ആരോ ...........'
കണ്ണുകളില്‍ അപരിചിത ഭാവം നിറച്ച്‌ അകത്തേക്കുനോക്കി അവള്‍ വിളിച്ചു പറഞ്ഞു .
               അല്പം കൂനിയ ശരീരമുള്ള ഒരു വൃദ്ധ പുറത്തേക്കു വന്നു .കൈപ്പത്തി കണ്ണുകള്‍ക്ക്‌ മീതെ നിവര്‍ത്തിപ്പിടിച്ച് അയാളെ നോക്കി .
                        'സതീശന്‍ ല്ലെ ....വ്‌ടെ'          ശബ്ദത്തില്‍ പരിചിതഭാവം നന്നായി തേച്ചുപിടിപ്പിച്ചുകൊണ്ട്‌ സൌമ്യതയോടെ അയാള്‍ ചോദിച്ചു .
                        ' ഇവുടെ ല്ല്യാലോ .........ഓന്‍ അമ്മൂനെ ആസ്പത്രീ കൊണ്ടോയതാ .....അവക്കിതേഴാം മാസാ ........ഇവക്കൊരനിയന്‍ കുട്ടീങ്കൂടി.........'     കളങ്കമേശാത്ത സ്നേഹത്തോടെ പെണ്‍കുട്ടിയെ ചേര്‍ത്ത്‌ പിടിച്ചു പല്ലില്ലാത്ത ഒരു ചിരി അയാള്‍ക്ക്‌ സമ്മാനിച്ചുകൊണ്ട് അവര്‍ പറഞ്ഞു .
                         ' മോന്‍ സതീശന്റെ ചങ്ങായിയാ........കേറിയിരിക്ക്‌
.....ഒനിപ്പം വരും ...'                       
സതീശന്റെ സഞ്ചാരപഥങ്ങള്‍ കൃത്യമായി കണ്ടെത്തുവാന്‍ സംഘത്തലവന്‍ പെരുമാള്‍ നിയോഗിച്ചത് അയാളെയായിരുന്നു .ഒരു പരിധിവരെ അയാളത് പൂര്‍ത്തീകരിച്ചിരുന്നു.പിന്നെ ചില ഉറപ്പ് വരുത്തലുകള്‍ മാത്രം .
                       'ഒരുപാട് കാലായി സതീശനെ കണ്ടിട്ട് .......അവനിപ്പം എന്താ പണി ..'
ഒരു ചോദ്യം വൃദ്ധയുടെ നേരെ തൊടുത്തുവിട്ടു അയാള്‍ ചുറ്റുപാട് ശ്രദ്ധിച്ചുകൊണ്ടിരുന്നു .
പറഞ്ഞു നിര്‍ത്തിയതിന്റെ ഒരു തുടര്‍ച്ചപോലെ അവര്‍ പറഞ്ഞു .
                  'കയറു കമ്പനീന്ന് നാണ്വേട്ടന്‍ മരിക്കുംബം സതീശന്‍ പത്ത് പാസായി നിക്വായിരുന്നു .........അച്ഛന്റെ പണി മൊതലാളി ഓന്
കൊടുത്തു .കൊറച്ചു കാലം കഴിഞ്ഞപ്പോ കമ്പനീല് ലഹളണ്ടായി......സമരായി .......ഒടൂല് കമ്പനി പൂട്ടി ......ഒനാ കമ്പനി പൂട്ടിചെത് ന്നാ മൊതലാളി പറഞ്ഞു നടക്കണത്‌ .........ഇപ്പോം സ്ഥിരായിട്ടു  ഒരു പണീം ല്ല  ന്‍റെ കുട്ടിയ്ക്ക് ......ചെലപ്പോ  കക്ക വാരാന്‍ പോവും ....അല്ലാത്തപ്പോ ചാങ്ങായിന്റെ റിക്ഷ ഓടിക്കും ..........കഷ്ടപ്പാട് തന്ന്യ ന്‍റെ കുട്ടിയ്ക്ക് .........
വൃദ്ധയുടെ സ്വരത്തിന് ബലം കുറഞ്ഞു വരുന്നതും അതില്‍ സങ്കടം നിറയുന്നതും അയാള്‍ അറിഞ്ഞില്ല .
താനുള്‍പെട്ടവര്‍ ഏറ്റെടുത്ത ദൌത്യത്തിന്റെ പിന്നാമ്പുറങ്ങള്‍ അയാള്‍ക്ക്‌ മുന്നില്‍ വെളിപ്പെട്ടത് അപ്പോള്‍ മാത്രമായിരുന്നു !
                  പെണ്‍കുട്ടി വായന മതിയാക്കി എന്തോ വരച്ചുകൊണ്ടിരുന്നു .ഇടയ്കിടെ അയാളെ നോക്കികൊണ്ടിരുന്ന അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി മുളച്ചുവരുന്നത് അയാള്‍ കണ്ടില്ലെന്നു നടിച്ചു .
പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ പ്രകമ്പനങ്ങള്‍ തീര്‍ത്ത് തുടങ്ങിയപ്പോള്‍ അയാള്‍ അതെടുത്ത് ചെവിയോടു ചേര്‍ത്തു.
മുരുകന്റെ ചിലമ്പിച്ച ശബ്ദം .........'അവനെ പോസ്റൊഫീസിന്റെ പിന്നിലുള്ള ഇടവഴിയില്‍ വച്ചു കിട്ടി .........കൂടെ ഒരു പെണ്ണുമുണ്ടായിരുന്നു.........
സമ്മതിച്ചില്ല അവള്‍ ...... രണ്ടാമത്തെ വെട്ട്‌ അവള്‍ക്കു കുടുങ്ങി .......രണ്ടും തീര്‍ന്നു .........റേറ്റ് കൂട്ടി ചോദിക്കേണ്ടിവരും ......നീ പെട്ടന്ന് ആല്‍തറെടെ അടുത്തേക്ക് എത്തണം വണ്ടി അവിടെ റെഡിയാ..........'
            അയാള്‍ തിടുക്കത്തില്‍ നടന്നു തുടങ്ങിയപ്പോള്‍  വൃദ്ധ ചോദിച്ചു 'അപ്പൊ സതീശനെ കാണാന്‍ നിക്ക് ണ് ല്ലെ ....ഓനിപ്പം വരും ............'.             അതൊന്നും അയാള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല . നടവഴിയില്‍ നിന്നും റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ കാതില്‍  പെണ്‍കുട്ടിയുടെ ശബ്ദം .                   ' മാമാ .........'
അയാള്‍ തിരിഞ്ഞു നോക്കിപോയി .അവള്‍ അയാള്‍ക്ക്‌ നേരെ കൈവീശികൊണ്ടിരുന്നു !
ഒരു വടിവാളിന്റെ മൂര്‍ച്ച അയാളുടെ ഹൃദയത്തിലൂടെ കടന്നുപോയോ ...എന്തോ .....
ആകാശത്ത് മഴയുടെ അടയാളങ്ങള്‍ ഒന്നും കാണാനില്ലായിരുന്നു . പെട്ടന്ന് ഒരു മഴ അയാള്‍ക്ക് നേരെ പെയ്തുതുടങ്ങി ...... 

7 comments:

 1. എന്‍റെ മാഷെ..... എനിക്ക് ഒന്നും പറയാന്‍ ഇല്ല... ആഴങ്ങളിലേക് ഊളിയിട്ട് ഇറങ്ങി... മനോഹരം...ആദ്യം കമന്റ് ഇടാന്‍ കിട്ടുന്ന ചാന്‍സ് ഞാന്‍ കളയുന്നില്ല... കുറച്ചു പേരെ വിളിച്ചു വരാമെ.... അഭിനന്ദനം...
  കമന്റിനുള്ള വെരിഫിക്കേഷന്‍ കോഡ് എടുത്ത് കളഞ്ഞാല്‍ വരുന്നവര്‍ക്ക്‌ കമന്റ് ഇടാന്‍ എളുപ്പം ആരുന്നു

  ReplyDelete
 2. നന്നായി എഴുതി കഥ. വളരെ നന്നായിട്ട് തന്നെ
  അഭിനന്ദനങ്ങള്‍

  ReplyDelete
 3. നന്നായിട്ടുണ്ട്.. കുറഞ്ഞ വാക്കുകളില്‍ നല്ല ഒരു കഥ

  ReplyDelete
 4. നല്ല കഥ....കുറഞ്ഞ വാക്കുകളില്‍ നല്ലൊരു ആശയം കോറിയിടാന്‍ ആയി....ആശംസകള്‍...

  ReplyDelete
 5. മനസ്സിനെ വേദനിപ്പിച്ച ഒരു കഥ. വളരെ വളരെ നന്നായി..വായിക്കുമ്പോള്‍ മനസ്സില്‍ ഒരു ചിത്രം പോലെ എല്ലാതും തെളിഞ്ഞു വന്നു. നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍...,,..ആശംസകള്‍..

  പിന്നെ ഒരഭിപ്രായം കൂടിയുണ്ട്..അവസാനം ഫോണില്‍ കൂടി കേള്‍ക്കുന്ന വാചകങ്ങള്‍ ഒന്ന് കൂടി അടുക്കി പെറുക്കി എഴുതിയാല്‍ നന്നായിരിക്കും. അത് മോശം എന്നല്ല പറഞ്ഞു വരുന്നത്. ആ ഭാഗം വരെ വായിച്ചു എത്തുമ്പോള്‍ ആ വാചകങ്ങളില്‍ ഒരു തപ്പി തടച്ചില്‍ ഉണ്ട്. അത് ചിലപ്പോള്‍ വായനക്കാരനെ ചെറുതായി ഒന്ന് ബുദ്ധിമുട്ടിക്കും.

  ഒരിക്കല്‍ കൂടി നല്ല എഴുത്തിനു ആശംസകളോടെ.

  ReplyDelete
 6. വളരെ ഇഷ്ടപ്പെട്ടു ...

  ഒരു വടിവാളിന്റെ മൂര്‍ച്ച അയാളുടെ ഹൃദയത്തിലൂടെ കടന്നുപോയോ ...എന്തോ .....

  പോയിരിക്കണം

  ReplyDelete