My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Sunday, 3 June 2012

നഷ്ടസുഗന്ധങ്ങള്‍

  മഴ ചാറിതുടങ്ങിയിരുന്നു .റയില്‍ പാളത്തിന് സമാന്തരമായുള്ള നടപ്പാതയിലൂടെ അയാള്‍ നടന്നു . മേല്‍പ്പാലത്തിനു താഴെ ബോഗന്‍വില്ലകള്‍ പൂത്ത വേലിക്കപ്പുറത്ത്‌ വെറോണിയുടെ വീടിനകത്തെ നേരിയ വെളിച്ചം കണ്ണില്‍ പെട്ടപ്പോള്‍ അയാള്‍ നടത്തം പതുക്കെയാക്കി .
ഗേറ്റ് കടന്നപ്പോള്‍ പതിവുപോലെ അയാളുടെ കാലുകള്‍ ഒരു കള്ളന്റെതുപോലെ പെരുമാറിതുടങ്ങി. കോളിംഗ് ബെല്ലിനെ അവഗണിച്ചു കൊണ്ട് ജനല്‍ പാളികളില്‍ പതുക്കെ തട്ടി . വെറോണി വാതില്‍ തുറന്നപ്പോള്‍ വെളിച്ചതോടൊപ്പം ചെമ്പകപ്പൂവിന്റെ മടഭരമായ ഗന്ധം പുറത്തേക്കൊഴുകി . സിരകളില്‍ അഗ്നി പടര്‍ത്തുന്ന ആ മണം ഏത് സോപ്പിന്റെതാനെന്നു ഓര്‍ത്തെടുക്കാന്‍ ശ്രമം നടത്തി അയാള്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു.
പാളത്തിലൂടെ ഏതോ പാതിരാവണ്ടി കുതിച്ചെത്തി , പ്രകമ്പനങ്ങള്‍ തീര്‍ത്ത് കിതച്ചു കിതച്ചു കടന്നുപോയി . അയാളുടെ നെറ്റിതടത്തില്‍ പൊടിഞ്ഞ വിയര്‍പ്പു മണികളെ വിരല്‍തുമ്പിനാല്‍ പരസ്പരം ബന്ധിപ്പിച്ച് ഒരു നീരൊഴുക്ക് തീര്‍ത്തുകൊണ്ട് വെറോണി മുഖം ചെവിയോടു ചേര്‍ത്തുവച്ചു പറഞ്ഞുതുടങ്ങി .
" എന്നാത്തിനാ കള്ളനെപ്പോലുള്ള ഈ വരവും പോക്കും ............ആ ചെറുക്കനെ വല്ല അനാഥശാലയിലോ മറ്റോ ചേര്‍ത്ത്‌ എന്‍റെ കഴുത്തെലൊരു മിന്നുകെട്ടി കൂടെ പൊറുപ്പിക്കാമേലെ..............."
അവളെ ജീവിതത്തോട് ചേര്‍ത്ത്‌ വയ്ക്കാമെന്ന് അയാള്‍ പലവട്ടം സമ്മതിച്ചതാണ് . പക്ഷെ പ്രശ്നം ജോണിക്കുട്ടിയായിരുന്നു .
ജീവിതത്തില്‍നിന്നു അവനെ പറിച്ചു മാറ്റണമെന്ന് അവള്‍ക്കു നിര്‍ബന്ധമായിരുന്നു . അയാള്‍ക്ക്‌ അതോര്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല .
അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സന്ധ്യക്ക്‌ ജോണിക്കുട്ടിയെ കുളിപ്പിച്ച് ഉമ്മറത്ത്‌ കിടത്തി റോസി മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു . പറയാതെ വന്ന ഒരു മഴയ്ക്പിന്നില്‍ പതുങ്ങിനിന്ന ഒരു മിന്നല്‍പിണര്‍ അവളെ തൊട്ടുവിളിച്ചു . ഒന്ന് തിരിഞ്ഞു നോക്കുവാന്‍ പോലും അനുവദിക്കാതെ അവളെ കൊണ്ടുപോയ്ക്കളഞ്ഞു . തുടര്‍ന്നുള്ള കഷ്ടതയുടെ നാളുകള്‍ ജോണിക്കുട്ടിയുടെ പുഞ്ചിരിയില്‍ അയാള്‍ അലിയിചെടുക്കുകയായിരുന്നു .
" ഇനീം നീട്ടിക്കൊണ്ടുപോകാന്‍ പറ്റത്തില്ല ......കാര്യങ്ങക്കൊരു തീരുമാനണ്ടാവണം.....എന്നിട്ട് വന്നാമതി...എന്നെക്കാണാന്‍ ..........." അവളുടെ വാക്കുകളുടെ പരുപരുത്ത പ്രതലം അയാളുടെ ഹൃദയത്തില്‍ ഉരഞ്ഞു...ചോര പൊടിഞ്ഞു .
അടുത്ത മുറിയില്‍ നിന്നു അവളുടെ തള്ള ഉറക്കത്തില്‍ കുണുങ്ങിചിരിച്ചുകൊണ്ടിരുന്നു . യൌവ്വനത്തില്‍ ആരോ കുടഞ്ഞിട്ട നിര്‍വൃതിയുടെ കുളിരേറ്റതുപോലെ..... . നെഞ്ചില്‍നിന്നും അവളുടെ കൈ മെല്ലെ എടുത്തുമാറ്റി അയാള്‍ എഴുനേറ്റു നടന്നു . പുറത്തു നിലാവിന്റെ നനുത്ത സ്പര്‍ശം അയാള്‍ അറിഞ്ഞിരുന്നില്ല .
ഒരു തീരുമാനത്തിലെത്താന്‍ അയാള്‍ക്ക്‌ ഒരു രാത്രിയുടെ നീളം മതിയായില്ല . ജോണിക്കുട്ടിയുടെ കണ്ണുകളിലേക്കു നോക്കുമ്പോഴൊക്കെ ഹൃദയത്തില്‍ നോവിന്റെ പൂക്കള്‍ വീണ്ടും വീണ്ടും വിരിഞ്ഞുകൊണ്ടിരിക്കുന്നത് അയാളറിഞ്ഞു .
ചെമ്പകപൂമണതോടൊപ്പം വെറോണിയും തന്‍റെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു എന്ന സത്യം എത്ര ആട്ടിയകറ്റിയിട്ടും മാദകമായ ഓര്‍മ്മകളിലൂടെ അയാളെ തേടിയെത്തി .
വിഭ്രാന്തിയുടെ നാളുകള്‍ അവസാനിച്ചത്‌ വര്‍ഗീസച്ചന്റെ കുമ്പസാരകൂടിന്റെ മുന്‍പിലായിരുന്നു . സ്നേഹനിഷേധത്തിന്റെ വഴിയില്‍ നിന്നും വെള്ളവസ്ത്രത്തിലേക്ക്‌ കയറിവന്ന വര്‍ഗീസച്ചന് അയാളുടെ മനസ്സിന്‍റെ ചൂട് തൊട്ടെടുക്കാന്‍ എളുപ്പം കഴിഞ്ഞു .
രാവിലെ നേരത്തെതന്നെ അയാള്‍ ജോണിക്കുട്ടിയെ വിളിച്ചുണര്‍ത്തി . കുളിപ്പിച്ച്, തലേദിവസം വാങ്ങികൊണ്ട് വച്ച പുതിയ കുപ്പായം ധരിപ്പിച്ചു . അവന്റെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ഉണ്ണിയേശുവിന്റെ ചിത്രവുമെല്ലാം ഒതുക്കിവച്ച ബാഗെടുത്തു മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ അവന്‍ ചോദിച്ചു .
"അപ്പാ...........നമ്മെളെങ്ങോട്ടെക്കാ പോണേ ......" വര്‍ഗീസച്ചന്‍ തന്ന കത്തുമായി നഗരത്തിലെ ഒര്ഫനെജിലെക്കാണെന്ന് അയാള്‍ പറഞ്ഞില്ല പകരം അവന്റെ വിരലുകള്‍ മുറുകെപിടിച്ചു വേഗത്തില്‍ നടന്നുകൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു . " കളിക്കാന്‍ ഒരുപാട് കൂട്ടുകാരൊക്കെയുള്ള ഒരിടത്തേക്ക് ........"
അവനെയും ചേര്‍ത്തുപിടിച്ചു റോസിയുടെ കല്ലറയ്ക്ക് മുന്‍പില്‍ നിന്നു പതിവുപോലെ ഒരു പനിനീര്‍പൂവ് അവള്‍ക്കുനേരെ നീട്ടിയപ്പോള്‍ അയാളുടെ കൈകള്‍ വിറച്ചിരുന്നു . ഒന്നും പറയാന്‍ ധൈര്യം വരാതെനിന്ന മൌനത്തിന്റെ ഇടവേളയില്‍ റോസി പതുക്കെ അയാളുടെ മനസ്സിലേക്ക് കയറി .പണ്ട് പാടിയിരുന്ന ആ താരാട്ട് അവള്‍ പാടിക്കൊണ്ടിരുന്നു .
പെട്ടന്നയാള്‍ ജോണിക്കുട്ടിയെയും ചേര്‍ത്തുപിടിച്ച്‌ തിടുക്കത്തില്‍ നടന്നു . ഉള്ളില്‍ റോസിയുടെ താരാട്ട് തേങ്ങലായി മാറുകയായിരുന്നു . അങ്ങിനെ അധികദൂരം പോകുവാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല . ഒതുക്കിപിടിച്ചിട്ടും ഒരു കരച്ചില്‍ തൊണ്ടയില്‍ നിന്നും പുറത്തേക്കു വന്നപ്പോള്‍ അയാള്‍ നിന്നു . പകച്ചുനിന്ന ജോണിക്കുട്ടിയെ അയാള്‍ എടുത്തു മാറോട്‌ ചേര്‍ത്ത്‌പിടിച്ചു. പിന്നെ തിരിഞ്ഞുനടന്നു.
എടുക്കാനുള്ളതെല്ലാം എടുത്തു ബാഗില്‍ നിറച്ച്, സന്ധ്യക്ക്‌ വാടകവീട് പൂട്ടി താക്കൊലേല്പിച്ചു റെയില്‍വേ സ്ടെഷനിലെത്തിയപ്പോള്‍ ജോണിക്കുട്ടി വീണ്ടും ചോദിച്ചു " നമ്മളെങ്ങോട്ടാണപാ പോണത് ......."
ഉറച്ച ശബ്ദത്തില്‍ അയാള്‍ പറഞ്ഞു " ദൂരെ ....ദൂരെ ...ഒരിടത്തേക്ക് ..........."
തീവണ്ടിയുടെ ജാലകത്തിലൂടെ പിറകോട്ടു പായുന്ന കാഴ്ചകള്‍ക്കിടയില്‍ വെറോണിയുടെ വീട്ടിലെ വെളിച്ചവും അയാള്‍ കണ്ടു . അപ്പോഴും ചെമ്പക പൂമണം തനിക്കുചുറ്റും വലയം ചെയ്യുന്നതായി അയാള്‍ക്ക്‌ തോന്നി . അതയാളുടെ ഹൃദയത്തില്‍ നിന്നായിരുന്നു .........

No comments:

Post a Comment