My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Tuesday, 5 June 2012

പുനരധിവാസം

       കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ജനശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തില്‍ ഒന്നും ചെയ്യുവാന്‍ ക്ലബ്ബിനു കഴിഞ്ഞിട്ടില്ല എന്ന ഒരാരോപണത്തിന്റെ മുനയില്‍ നിര്‍ത്തപെട്ടപ്പോള്‍ പ്രസിഡണ്ട്‌ വിയര്‍ത്തു തുടങ്ങിയിരുന്നു .പോംവഴിയാരാഞ്ഞു ഞങ്ങള്‍ മെമ്പര്‍മാര്‍ ചിന്തകളെ പല വഴിക്ക് പറഞ്ഞു വിട്ടു പരതികൊണ്ടിരുന്നു .
'- നഗരത്തില്‍ ഒരുപാട് അലഞ്ഞു തിരിയുന്ന മനോരോഗികളുണ്ട്‌.......നമുക്ക് അവരെ ഒന്ന് വൃത്തിയാകി പുനരധിവാസ കേന്ദ്രതിലാക്കാം ..........മീഡിയയെ സഹകരിപ്പിച്ചു പരിപാടി ജനപ്രിയമാക്കാം ..' -ഗ്ലാസ്സില്‍ അവശേഷിച്ച വിസ്കി ഒറ്റവലിക്ക് അകത്താക്കി ഒരു സീല്കാരത്തിന്റെ ഒടുവില്‍ രാമചന്ദ്ര മേനോകി പറഞ്ഞു
'-ആരാപ്പം അവരെ പിടിക്കാനും മുടിവെട്ടാനും കുളിപ്പിക്കാനുമൊകെ പോണത് ...' -അല്പം നീരസത്തോടെ ലോനപ്പന്‍ ചേട്ടന്‍ ചോദിച്ചു .
ഏതിനും എളുപ്പം പരിഹാരം കണ്ടെത്തുന്ന ശിവേട്ടന്‍ മറ്റൊന്നുമാലോചിച്ചില്ല '- കബീറിനെ ഏര്‍പ്പാടാക്കാം .....'
ഏത് പണിക്കും ആളെ സംഘടിപ്പിക്കുന്ന കബീര്‍ പലപ്പോഴും നഗരത്തിനു ഒരനുഗ്രഹമായിരുന്നു !.
കബീറിന്റെ പട്ടാളം നഗരം മുഴുവന്‍ അരിച്ചുപെറുക്കി പന്ത്രണ്ടു താളം തെറ്റിയ മനസ്സുകളുമായി വന്നു .പിന്നെ മുടിവെട്ടി കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിപിച്ചു ..നല്ലഭക്ഷണം വിളമ്പിയപ്പോള്‍ മാത്രം അവര്‍ നിര്‍വികാരതയുടെ ഇരുള്കൂടില്‍ നിന്നും പുറത്തു വന്നു !.
നഗരപിതാവ് വാനോളം പുകഴ്ത്തുകയും മാധ്യമങ്ങള്‍ അത് വേണ്ട വിധത്തില്‍ ഊറ്റിയെടുക്കുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ അഹംബോധത്തിന്റെ നേരിയ പുളപുഅനുഭവപെട്ടിരുന്നു !.
ചടങ്ങിനുശേഷം പുനരധിവാസ കേന്ദ്രത്തിലേക് കൊണ്ടുപോകാന്‍ അവരെ ഇറക്കി നിര്ത്തിയപോള്‍ അയാളുടെ മുഖം ശ്രദ്ധയില്‍ പെടുകയായിരുന്നു .നീണ്ട മൂക്കും നെറ്റിയിലെ മുറിപ്പാടും അവ്യക്തമായ ചില സൂചനകള്‍ മനസ്സിലെക്കിട്ടുതന്നു . ഉള്ളില്‍ എന്തോ കൊളുത്തി വലിക്കുന്നതുപോലെ .
'- പിന്നില്‍ നില്‍ക്കുന്ന ആ പൊക്കമുള്ള ആളെ തല്‍ക്കാലം ഞാന്‍ കൊണ്ട് പോകാം ....ആ കാലിലെ മുറിവ് ഭേദമാകിയ ശേഷം അവിടേക്ക് വിട്ടാല്‍ മതി ....'ഓരോരുത്തരെയായി വണ്ടിയിലേക്ക് കയറ്റിക്കൊണ്ടിരിക്കുന്ന പ്രസിഡണ്ട്‌നോട് പറയാതിരിക്കുവാന്‍ കഴിഞ്ഞില്ല .
അയാളെയും കൂട്ടി താമസസ്ഥലത്തേക്ക് വണ്ടിയോടിക്കുമ്പോള്‍ ജോര്‍ജേട്ടന്‍ എങ്ങിനെ പ്രതികരിക്കുമെന്ന ആധിയായിരുന്നു മനസ്സ് നിറയെ . .പാചകക്കാരന്‍ എന്നതിലുപരി ചില സ്വാതന്ത്ര്യങ്ങള്‍ ജോര്‍ജെട്ടനുണ്ടായിരുന്നു .
യാത്രയിലുടനീളം അയാള്‍ മൌനിയായിരുന്നു .ചോദ്യങ്ങള്‍കുള്ള മറുപടി അലസമായ നോട്ടം മാത്രം .
ഭ്രാന്തന്റെ കൂടെ പോരുക്കാനാവില്ലെന്നു പറഞ്ഞു ജോലി മതിയാകി പോകാനൊരുങ്ങിയ ജോര്‍ജേട്ടനെ അനുനയിപ്പിക്കാന്‍ ഏറെ പാടുപെട്ടു .
ഉള്ളില്‍ അവ്യക്തത തളം കെട്ടികിടന്നു.
ഒരു ദിവസം ഓഫീസില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ മുറിയില്‍ നിറയെ ചിതറിക്കിടക്കുന്ന കടലാസ് തുണ്ടുകള്‍ .എടുത്തു നോകിയപോള്‍ അത്ഭുതപെട്ടു പോയി .മിഴിവാര്‍ന്ന കുറെ ചിത്രങ്ങള്‍ ....ചിലത് പാതി വരച്ചു നിര്‍ത്തിയ പോലെ .......പ്രകൃതി ദൃശ്യങ്ങള്‍ .....മനുഷ്യ രൂപങ്ങള്‍ .....നഗരകാഴ്ചകള്‍ .....
ഉള്ളില്‍ അറിയാതെ ഉണര്‍ന്ന സന്തോഷം ഒരു വിരല്സ്പര്‍ശമായി അയാളുടെ തോളില്‍ വീണപോഴും അയാളുടെ കണ്ണുകള്‍ ജാലകത്തിനപ്പുറത്തെ പുളിമരകൊമ്പുകളില്‍ എങ്ങോ ഉടക്കികിടന്നു .
പിറ്റേ ദിവസം തന്നെ അയാള്‍ക്ക്‌ കുറെ നിറചെപ്പുകളും വരയ്ക്കാനുള്ള കടലാസും വാങ്ങികൊടുത്തു .ആ നോട്ടങ്ങളിലും ചലനങ്ങളിലും ചിരപരിചിതമായ ഒരു ബന്ധമുണ്ടെന്നു മനസ്സ് ഉറപ്പിച്ചു തുടങ്ങിയിരുന്നു !.
രണ്ടു ദിവസത്തെ ഔദ്യോകിക യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു .മുന്‍ വശത്തുതന്നെ അസ്വസ്ഥനായ ജോര്‍ജേട്ടനെ കണ്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് ഉറപ്പിച്ചു .
'- അവന്‍ പോയി ....രാവിലെ നോകിയപ്പോള്‍ കണ്ടില്ല ........അകത്തു ചുമരില്‍ ഒരു ചിത്രം വരച്ചു വച്ചിട്ടുണ്ട് ....'- ഒറ്റ ശ്വാസത്തില്‍ ജോര്‍ജേട്ടന്‍ പറഞ്ഞു തീര്‍ത്തു .
തിടുക്കത്തില്‍ അകത്തേക്ക് നടന്നു .ചുമരില്‍ ഒരു സ്ത്രീയുടെ ചിത്രം .ഒരു നിമിഷാര്‍ദ്ധം കൊണ്ട് ഓര്‍മ്മകള്‍ ആ രൂപത്തിന് പേരിട്ടു !.....
'സുഭദ്രേടതി......' തന്‍റെ പ്രിയപ്പെട്ട സുഭദ്രേടതി .......ചന്ദന കാറ്റുപോലെ തഴുകി കടന്നുപോയ .......ഹൃദയം ഒരുഷ്ണകാറ്റിന്റെ ചുഴിയില്‍ പെട്ട്‌ ദഹിച്ചുകൊണ്ടിരുന്നു .....
ആല്‍ബര്‍ട്ടും സുഭദ്രയും -ഗ്രാമം ഒറ്റക്കെട്ടായി കുശുകുശുക്കുകയും പിന്നീട് ഒരാഘോഷമാക്കാന്‍ ഒരുങ്ങുകയും ചെയ്ത രണ്ടു പേരുകള്‍ .....ഇരകളെ വീഴ്ത്താന്‍ പ്രമാണിമാര്‍ കെണിയൊരുക്കിയ രാത്രിയില്‍ അപ്ര്ത്യക്ഷരാകുകയായിരുന്നു രണ്ടു പേരും .
ക്രോധം സഹിക്കാനാകാതെ അച്ഛന്‍ വലിച്ചെറിഞ്ഞ സുഭദ്രേടതിയുടെ ഉടുപ്പ് പെട്ടിയില്‍ നിന്നും ചിതറിത്തെറിച്ച കൂട്ടത്തില്‍ ആല്‍ബര്‍ട്‌ വരച്ച സ്വന്തം ച്ഛായാ ചിത്രവും ഉണ്ടായിരുന്നത് ഓര്‍മ്മവന്നു .ദൂരെ അറിയാത്ത ഏതോ നാട്ടില്‍ ആല്‍ബര്ടിനോപ്പം ഒരു കുടുംബിനിയായി കഴിയുന്ന സുഭദ്രേടതിയുടെ ചിത്രമായിരുന്നു മനസ്സിലിത്‌വരെ.അതില്‍ അവ്യക്തതയുടെ മൂടല്‍ മഞ്ഞു പടരുന്നത്‌ സ്വയം അറിഞ്ഞു .
സുഭാദ്രേടതിയെവിടെ ........ചിന്തയുടെ കൈകളില്‍ നിന്നും കുതറിമാറിയ മനസ്സ് ചോദിച്ചു ...
തിടുക്കത്തില്‍ നഗരത്തിലെ തെരുവിലൂടെ അയാളെയും തേടി അലഞ്ഞുകൊണ്ടിരുന്നപ്പോള്‍ മനസ്സ് ചോദിച്ചു കൊണ്ടിരുന്നു
സുഭാദ്രേടതിയെവിടെ ..............?
=========================

1 comment:

  1. ഇതും സിംപ്ലി സുപെര്‍ബ്

    ReplyDelete