My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Sunday, 3 June 2012

പ്രിയംവദ
പരിധിയ്ക് പുറത്താണ്
.........

   അടുക്കളയില്‍ പ്രിയംവദയുടെ ജുഗല്‍ബന്ദി ഉച്ചസ്ഥായിയില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും യാതോരനക്കവും കേള്‍ക്കാതിരുന്നപ്പോള്‍ അയാള്‍ കിടക്കയില്‍ നിന്നും പതുക്കെ എഴുന്നേറ്റു. അച്ചുവും അമ്മുവും നല്ലഉറക്കത്തിലാണ്.
അടുക്കളയില്‍ പ്രിയംവദ ഇല്ലായിരുന്നു. അതിരാവിലെ അവള്‍ എവിടെപ്പോയെന്ന് ചിന്തിച്ചുകൊണ്ട്‌ മുന്‍വശത്തെ വാതിലിനരികിലേക്ക്‌ എത്തിയപ്പോള്‍ അയാള്‍ഒന്നുപകച്ചു! വാതില്‍ ചാരിയിട്ടനിലയിലായിരുന്നു . രാത്രി വാതില്‍ പൂടിയിട്ടാണ് കിടന്നത്എന്നയാള്‍ ഓര്‍ത്തു. പെട്ടന്ന് ഒരു കള്ളന്റെ മുഖം അയാളിലൂടെ കടന്നുപോയി

അകത്തു തുറന്നുകിടന്ന അലമാരയില്‍ അവളുടെ വസ്ത്രങ്ങളും ബാഗും ഇല്ലായിരുന്നു. അയാള്‍ വെപ്രാളത്തോടെ സെല്ഫോനെടുത്ത് അവളെ വിളിച്ചുനോക്കാന്‍ ഒരുങ്ങി. ഫോണില്‍ അവളുടെ സന്ദേശം അയാളെനോക്കി പല്ലിളിച്ചു!.
'ഇഷ്ടപ്പെട്ട പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു............അന്വേഷിക്കരുത്...........!'
തലയ്കകത്ത് ഒരുപാട് കുപ്പിച്ചില്ലുകള്‍ ഇളകിമറിയുന്നതായി അയാള്‍ക്കനുഭവപ്പെട്ടു !

അമ്മ അസുഖംവന്നു ആശുപത്രിയില്‍ പോയതാനെന്ന കള്ളം മെനഞ്ഞുണ്ടാക്കി അയാള്‍ കുട്ടികളെ വിളിച്ചുണര്‍ത്തി . കഴിയുന്ന വിധത്തില്‍ പ്രാതല്‍ കൊടുത്തു, കുളിപ്പിച് ഒരുക്കി സ്കൂളിലെക്കയച്ചു. അവളുടെ നൈപുന്ന്യ
തികവ് തനിക്കില്ലെന്നു അവരുടെ മുഖഭാവങ്ങളില്‍ പ്രതിഫലിച്ചിരുന്നു.

കുട്ടികള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ , ഒരു ഘോരവനത്ത്തില്‍ ഇരുട്ടില്‍ തപ്പുന്നവന്റെ നിലയിലായിരുന്നു അയാള്‍ !. അടുത്ത നീക്കത്തെക്കുറിച്ച് അയാള്‍ക്കൊരു രൂപവും ഇല്ലായിരുന്നു !. ഒരുപാട് നല്ല ഓര്‍മ്മകള്‍ സങ്കടത്തിന്റെ സൂചിമുനകളുമായി അയാളിലേക്ക് പറന്നിറങ്ങിക്കൊണ്ടിരുന്നു .

രണ്ടാമതും ഹൃദയമിടിപ്പില്‍ അപശ്രുതി വന്നപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അയാള്‍ കമ്പനിയില്‍നിന്നും അകാലത്തില്‍ വിരമിച്ച് വിശ്രമിക്കുകയായിരുന്നു . അവളുടെ മാസശമ്പളത്തിലേക്ക് ജീവിതം ഒതുക്കാന്‍ അയാള്‍ വല്ലാതെ പണിപ്പെട്ടിരുന്നു. ദുരിതാന്ധകാരത്തില്‍ അവളുടെ സ്നേഹമായിരുന്നു അയാള്‍ക്ക്‌ മാര്‍ഗദ്വീപം .അത് വഞ്ചനയുടെ മേല്‍ പതിച്ചുവച്ച വര്‍ണവെളിച്ചമായിരുന്നു എന്ന തിരിച്ചറിവ് ഉള്‍കൊള്ളാന്‍ അയാളുടെ മനസ്സ് മടികാണിച്ചുകൊണ്ടിരുന്നു

സന്ധ്യക്ക്‌ അമ്മയെ ഫോണില്‍ വിളിക്കണമെന്ന് അമ്മു വാശിപിടിച്ചപ്പോള്‍ അയാള്‍ യാന്ത്രികമായി ഫോണ്‍ ചെവിയോടു ചേര്‍ത്തു . പിന്നെ പതുക്കെ പറഞ്ഞു ..അമ്മ പരിധിയ്ക് പുറത്താണ്........ .അവരുടെ സങ്കടങ്ങള്‍ തല്‍ക്കാലത്തേക്ക് ഏതോ കാര്‍ടൂണ്‍ സിനിമയിലൂടെ അയാള്‍ തുടച്ചെടുത്തു !.

അത്താഴത്തിനുശേഷം വിറയാര്‍ന്ന കൈകളോടെ അയാള്‍ ഫ്രിട്ജു തുറന്നു . പകല്‍ ടൌണില്‍നിന്നും വാങ്ങിക്കൊണ്ടുവച്ച പഴചാറിന്റെ മൂന്ന് പാക്കറ്റുകള്‍ അയാള്‍ കയ്യിലെടുത്തു . അമ്മുവിന് ഏറെ പ്രിയപ്പെട്ടവ.... .ടി വി യുടെ മുന്നിലിരുന്നു അവര്‍ പൊട്ടിച്ചിരിക്കുന്നത് അയാള്‍ക് കേള്‍ക്കാം . തന്റെ ഹൃദയമിടിപ്പിന് വേഗം കൂടുന്നതും ദേഹമാസകലം വിയര്‍ക്കുന്നതും അയാളറിഞ്ഞു . ഒരുചുവടു മുന്നോട്ടുവയ്ക്കുവാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല !. ഒടുവില്‍ സര്‍വശക്തിയും സംഭരിച്ചു വല്ലാത്ത ഒരു ശബ്ദത്തോടെ ആ പാക്കറ്റുകള്‍ അയാള്‍ മുറ്റത്തേക്ക്‌ വലിച്ചെറിഞ്ഞു . പിന്നെ ഓടിച്ചെന്നു കുട്ടികളെ ചേര്‍ത്തുപിടിച്ചു ഉച്ചത്തില്‍ കരഞ്ഞു. അവര്‍ ഭയന്ന്പോയിരുന്നു...!

രാവിലെ വാതില്‍തുറന്നു പുറത്തേക്ക് ഇറങ്ങിയപ്പോള്‍,മുറ്റത്ത് ,പഴചാരിന്റെ പാക്കറ്റുകള്‍ക്കിടയില്‍ ചത്തുമരവിച്ചുകിടക്കുന്ന കുറിഞ്ഞിപൂച്ച്ചയെയും മൂന്ന് കുഞ്ഞുങ്ങളെയും കണ്ടു അയാള്‍ നടുങ്ങി . തിടുക്കത്തില്‍ അയാള്‍ കിടപ്പുമുറിയില്‍ കടന്നു കുട്ടികളെ തട്ടിയുണര്‍ത്തി. പിന്നെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു കുറേനേരം ഇരുന്നു.........

1 comment: