My photo
താമരശ്ശേരി, കോഴിക്കോട് ,കേരളംMob:9656922930, India

Saturday, 4 October 2014

ഇറക്കങ്ങൾ
~~~~~~~~~~~
                                  ചുട്ടുപൊള്ളുന്ന വെയിലിൽനിന്നും ആശുപത്രിയുടെ വരാന്തയിലേക്ക്‌ കയറിയപ്പോൾ അയാൾക്ക് വളരെആശ്വാസം തോന്നി .വാല്ലാതെ കിതയ്ക്കുന്നുണ്ട് .എഴുപത്തിരണ്ട് വർഷമായി നിർത്താതെ പിടയ്ക്കുന്നതിന്റെ മടുപ്പ് ഈയിടെയായി ഹൃദയം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു .നിറമുള്ള ഗുളികകൾ എറിഞ്ഞുകൊടുത്തുകൊണ്ട് അതിന്റെ ശ്രദ്ധ തിരിച്ചുവിടാറാണ് പതിവ് .

                  ലിഫ്റ്റിന് മുൻപിൽ ആൾക്കൂട്ടമുണ്ട് .അതിലൊരാളാകുന്നതിൽ അയാൾക്ക്‌ പണ്ടുമുതലേ ഇഷ്ടമല്ലായിരുന്നു .പടികൾ നടന്നുകയറുമ്പോൾ അനുഭവിക്കുന്നതിനേക്കാൾ വലിയ വിമ്മിഷ്ടമായിരുന്നു ആ ചെറിയ പെട്ടിയിൽ തിങ്ങിഞെരുങ്ങിനിൽക്കുമ്പോൾ
അയാൾക്കുണ്ടാകാറുള്ളത്.കയ്യിലെ ഓറഞ്ചിന്റെ പൊതി വീണുപോകാതിരിക്കാൻ നെഞ്ചോട്‌ ചേർത്തുപിടിച്ച് അയാൾ പതുക്കെ പടികൾ കയറിത്തുടങ്ങി .
                        ഭർത്താവിന്റെ അച്ഛനെ ശാരീരികാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ടെന്ന് മകൾ രണ്ടുദിവസം മുൻപേ വിളിച്ച്പറഞ്ഞിരുന്നു .ചെന്നുകാണാഞ്ഞിട്ടാകണം ഇന്നുരാവിലെ വിളിച്ചപ്പോൾ സ്വരത്തിലെ മാധുര്യം കുറഞ്ഞിരുന്നു .ശാരീരികമായ അവശതകൾ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ടു തുടങ്ങിയതൊന്നും കുട്ടികൾക്കറിയില്ലല്ലോ. അങ്ങിനെ സമാധാനിക്കാനാണ് അയാൾക്ക് തോന്നിയത് .
                                                    മൂന്നാമത്തെ നിലയിലെത്തിയപ്പോഴേയ്ക്കും
അയാൾക്ക്‌ കിതപ്പ് കൂടിയിരുന്നു മുന്നൂറ്റിപ്പതിനെഴാം നമ്പർ മുറിയിലെക്കാണ് പോകേണ്ടത്.അന്വേഷണങ്ങൾക്കൊടുവിൽ ഒരു മധ്യവസ്കയായ സ്ത്രീ പോകേണ്ട വഴി കാണിച്ചുകൊടുത്തു . ഒക്കത്തുണ്ടായിരുന്ന കൊച്ചുപെണ്‍കുട്ടിയുടെ കരച്ചിൽ മാറ്റുവാൻ അവർ പ്രയാസപ്പെടുന്നുണ്ടായിരുന്നു .


                         മുറിയുടെ വാതിലിൽ മുട്ടിയപ്പോൾ പുറത്തേക്ക് കണ്ടത് അപരിചിതമായ മുഖങ്ങൾ .അവർ അവിടെ പുതിയതായി വന്നവരാണെന്ന് സംസാരത്തിലൂടെ അയാൾക്ക്‌ മനസ്സിലായി .
'ഡിസ്ചാർജു ചെയ്തുകാണും' അയാൾ മനസ്സിൽ പറഞ്ഞു .താൻ വന്നുകാണാഞ്ഞതിന്റെ അരിശം കൊണ്ടാകും അവൾ വിളിച്ചു പറയാതിരുന്നത് .ഒരുപക്ഷെ സമയം കിട്ടിയില്ലായിരിക്കാം ..ഭർത്താവ് വിദേശത്തായതിൽ പിന്നെ അവൾതന്നെ വേണം എല്ലാറ്റിനും അയാൾ മനസ്സിനെ സമാധനിപ്പിച്ചു .

               തിരികെ നടന്ന് ഗോവണിക്കരികിൽ എത്തിയപ്പോൾ ആ സ്ത്രീയും പെണ്‍കുട്ടിയും അവിടെത്തന്നെ ഉണ്ടായിരുന്നു .അവർ എന്തൊക്കയോ കൊഞ്ചിപ്പറഞ്ഞ് അവളുടെ കരച്ചിൽ മാറ്റുകയാണ് .നന്ദിപൂർവ്വം ഒരു ചിരി സമ്മാനിച്ചുകൊണ്ട് അയാൾ പോകാൻ തുടങ്ങിയപ്പോൾ ആ കുട്ടിയുടെ നോട്ടം തന്റെ കയ്യിലുള്ള പൊതിയിലേക്ക് നീളുന്നത് അയാൾ കണ്ടു .മകളുടെ കുഞ്ഞുന്നാളിലെ മുഖമാണ് അപ്പോൾ അയാളുടെ ഒർമ്മയിലെത്തിയത്. വല്ലാത്ത വാശിക്കാരിയായിരുന്നു.

           പൊതിയ്ക്കുനേരെ കൈനീട്ടി വീണ്ടും കരച്ചിൽ തുടങ്ങിയ അവളെ അതിൽനിന്നു പിന്തിരിപ്പിച്ചുകൊണ്ട് ആ സ്ത്രീ നടന്നുതുടങ്ങിയപ്പോൾ അയാളവരെ വിളിച്ചു. കയ്യിലെ ഓറഞ്ചിന്റെ പൊതി അവർക്കുനേരെ നീട്ടി .മടിച്ചാണെങ്കിലും അവരത് വാങ്ങി .കരച്ചിൽ നിർത്തിയ കുട്ടിയുടെ മുഖത്ത് കണ്ണീരിനിടയിലൂടെ ഒരു പുഞ്ചിരി വിരിഞ്ഞുവന്നത് അയാളിൽ സന്തോഷം പകർന്നു .

                          അവർ ആശുപത്രി വിട്ടിട്ടില്ലെന്നും ഡീലക്സ് റൂമിലേക്ക്‌ മാറിയതാണെന്നുംതിരികെപോരുമ്പോൾ റിസെപ്ഷനിൽ നിന്നും അറിഞ്ഞപ്പോൾ അയാൾ വീണ്ടും പടികൾ കയറിത്തുടങ്ങി .സമ്പന്നനാകുമ്പോൾ സൌകര്യങ്ങളും അതിനനുസരിച്ച് കൂട്ടേണ്ടതുണ്ട് .ഒരു പ്രണയത്തിന്റെ പട്ടുനൂലിൽ പിടിച്ച് മകളും ഈ സമ്പന്നതയുടെ സൌഭാഗ്യങ്ങളിലേക്ക് കയറിപ്പോയത് അയാൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഒന്നായിരുന്നു .അവരോടൊപ്പം വളരാൻ അവൾക്കു പലതും മറക്കേണ്ടിവന്നത് അയാളെ വിട്ടുപിരിയാത്ത സങ്കടങ്ങളായിരുന്നു .

              നാന്നൂറ്റിയേഴാം നമ്പർ മുറിയുടെ വാതിലിൽ മുട്ടിയപ്പോൾ മകൾ വാതിൽതുറന്ന് അയാളെ അകത്തേക്ക് ക്ഷണിച്ചു .രോഗി കണ്ണടച്ചുകിടപ്പാണ് .അവൾ വിളിച്ചപോൾ കണ്ണുതുറന്നു നോക്കിയതല്ലാതെ മുഖത്ത് ഭാവവ്യത്യാസങ്ങൾ കണ്ടില്ല .കുശലാന്വേഷണങ്ങൾക്ക് ചില അക്ഷരങ്ങൾകൊണ്ടും ശബ്ദങ്ങൾ കൊണ്ടും മറുപടിപറഞ്ഞ് വീണ്ടും കണ്ണുകളടച്ചു .അറിഞ്ഞിട്ടും ഈ അവഗണന അനുഭവിക്കാൻ ഇത്രയും പടികൾ കയറിവന്നതിൽ അയാൾക്ക്‌ സ്വയം പുച്ഛം തോന്നി .

                മകളോട് യാത്രപറഞ്ഞ്‌ തിരിച്ചുനടക്കുമ്പോൾ പിന്നിൽ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു ."ഒന്നും വാങ്ങിക്കൊണ്ടുവരാൻ തോന്നീലേ അച്ഛന്..ന്നെ നാണംകെടുത്താൻ ...വരാതിരിയ്ക്ക്യന്ന്യാ ഇതിലും ഭേദം ..
മുഖത്തും ഉടുപ്പിലും നാരങ്ങാനീര് ഒലിപ്പിച്ചുകൊണ്ട് കൈവിരലീമ്പുന്ന ഒരു കുഞ്ഞുമുഖം അയാളുടെ ഓർമ്മയിൽ തെളിഞ്ഞുകിടന്നത് കൊണ്ട് അയാൾ ഒന്ന് ചിരിക്കുകമാത്രം ചെയ്തു .പിന്നെ പടികൾ ഇറങ്ങിത്തുടങ്ങി.

                 കയറ്റങ്ങളെക്കാൾ ഇറക്കങ്ങൾ തന്നെയാണ് പ്രയാസകരം എന്ന് അയാൾ ശരിക്കും തിരിച്ചറിഞ്ഞത്അപ്പോഴായിരുന്നു.
കണ്ണിനുതാഴെ നനവുപടരുന്നത് ഒരുപക്ഷെ പ്രായാധിക്യം കൊണ്ടാവാം ..

Tuesday, 6 May 2014

പേടി
~~~~~~

കൈക്കുടന്നയിലെ മഴ മുഴുവനും മുത്തുലക്ഷ്മിയുടെ മുഖത്തേക്ക് കുടഞ്ഞ്‌ മുരുകന്റെ ഇസ്തിരിക്കടയുടെ പിന്നാമ്പുറത്തുള്ള ചായ്പ്പിലൂടെ കാറ്റ് തിടുക്കത്തില്‍ കടന്നുപോയി.
മുത്തുലക്ഷ്മി ഞെട്ടിയുണര്‍ന്നു .
മഴ പെയ്തുകൊണ്ടേയിരിക്കുകയാണ് .ശരീരമാകെ നനവ്‌ പടര്‍ന്നിരിക്കുന്നു .
അവര്‍ പതുക്കെ എഴുന്നേറ്റ് തിണ്ണയിലേക്ക് മാറിക്കിടന്നു .കാല്‍ക്
കീഴില്‍ കിടന്നിരുന്ന സുപ്റമണി ഉറക്കം തടസ്സപ്പെട്ടതിന്റെ പ്റതിഷേധം ഒരു മുരള്‍ചയിലൂടെ അറിയിച്ചു .പിന്നെ ഇരുട്ടിലെ മഴയനക്കങ്ങളിലേക്ക് നോക്കി അല്‍പ്പനേരം വെറുതെ കുരച്ചുകൊണ്ടിരുന്നു.
പൊടുന്നനെ ആകാശത്തിന് തീ പിടിച്ചപോലെ ഒരു മിന്നല്‍പ്പിണര്‍ .അകമ്പടിയായി കാതടപ്പിക്കുന്ന ഇടിനാദം .അവരൊന്നു നടുങ്ങി .
'ഇപ്പോള്‍ മണിവര്‍ണ്ണന്‍ പേടിച്ചുകാണും .' അവര്‍ മനസ്സില്‍ പറഞ്ഞു .
കുഞ്ഞുന്നാള്‍ മുതല്‍ക്കേ മിന്നല്‍പ്പിണരുകള്‍ അവന് പിന്നാലെ പതുങ്ങിയെത്തുക പതിവായിരുന്നു .
ഒരിക്കല്‍ മിന്നല്‍പ്പിണരുകള്‍ കരിവാളിപ്പിച്ച്ച്ച അവനെയും തോളത്തിട്ട് മഴയെ വകവയ്ക്കാതെ അലമുറയിട്ടുകൊണ്ട് ആശുപത്റി ലക്‌ഷ്യം വച്ച് ഓടിപ്പോയിരുന്ന ഒരു പഴയകാല ഓര്‍മ്മ മനസ്സില്‍ തെളിഞ്ഞുവരികയായിരുന്നു .ഉറക്കം പതുക്കെ തൊട്ടപ്പോള്‍ ആ ഒര്‍മ്മചിത്റം മാഞ്ഞുമാഞ്ഞില്ലാതായി .

മണിവര്‍ണ്ണന്‍ ശരിക്കും പേടിച്ചിരുന്നു .ഒരുപാടകലെ മിന്നല്‍പ്പിണരുകള്‍ക്കു കടന്നുചെല്ലാനാകാത്ത്ത വലിയ ബംഗ്ളാവില്‍ മഴയുടെ ശ്റുതിഭേദങ്ങള്‍ അറിയാതെ പട്ടുമെത്തയില്‍ ശിവകാമിയെയും ചേര്‍ത്ത്പിടിച്ച് കിടന്നിട്ടും അയാള്‍ പേടിച്ചുകൊണ്ടേയിരുന്നു .
തുടര്‍ച്ചയായ മഴയില്‍ ചരക്കുനീക്കങ്ങള്‍ സ്തംഭിച്ചതും അത് വരുത്തിവയ്ക്കാവുന്ന നഷ്ടത്തിന്റെ കണക്കുകളും ഓര്‍ത്ത് അയാള്‍ പേടിച്ചുകൊണ്ടേയിരുന്നു

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~വിനോദ് വൈജയന്തം 

Tuesday, 1 October 2013

ഹരിതകം മാഞ്ഞിട്ടും
എന്തിനെന്നറിയാതെ
തരുശാഖയില്നിന്നും
അടരാന്‍ മടിയ്ക്കുന്ന

പര്‍ണ്ണങ്ങള്‍ പോലവെ,
ഓര്‍മ്മതല്‍ ചില്ലയില്‍
വിളറി വെളുത്തൊരു
പ്രണയം മിടിയ്ക്കുന്നു .

Thursday, 25 July 2013

മണം
~~~~~
കുട്ടിയെ ഒരു പഴങ്കഥയുടെ നടവരമ്പിലൂടെ നടത്തിക്കൊണ്ടുപോയി ഉറക്കത്തിന്റെ പടിപ്പുര കടത്തിവിടാനുള്ള ശ്രമത്തിലായിരുന്നു അവള്‍ . നേര്‍ത്ത് നേര്‍ത്ത് വന്ന മൂളലുകളുടെ ഒടുവില്‍ ഉറക്കത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന് അവന്‍ ചോദിച്ചു
"അമ്മയ്കെന്താ പ്പം അച്ഛന്റെ മണം ല്യാത്തെ "
പറഞ്ഞുവന്ന കഥ പൊടുന്നനെ മുറിഞ്ഞുപോയി .
അവള്‍ പതുക്കെ എഴുന്നേറ്റ് ഷെല്‍ഫില്‍ ഒരു കൊച്ചുപെട്ടിയില്‍ സൂക്ഷിച്ചു വച്ചിരുന്ന ചാര്‍മിനാര്‍ സിഗരറ്റിന്റെ പാതിയൊഴിഞ്ഞ പാക്കറ്റ് എടുത്ത് അതിന്റെ ഗന്ധം ഉള്ളിലേക്കാവാഹിച്ചു .
അനന്തേട്ടന്റെ മണം ....
അനന്തന്‍ അവളുടെ ഉള്ളില്‍ നിറഞ്ഞുകൊണ്ടിരുന്നു .
ആ ഗന്ധത്തിന്റെ തീക്ഷ്ണതയില്‍ പിടഞ്ഞുണര്‍ന്ന കണ്ണുകളില്‍നിന്ന് ഒരുനോട്ടം ജാലകം വഴി പുറത്തേക്ക് പറന്നകന്നു .
തൊടിയിലെ തെക്കേ അതിരില്‍ ദീര്ഘകാലമായി നിലകൊണ്ടിരുന്ന നാട്ടുമാവ് നിന്നിടത്തെ ശൂന്യത ആ ഇരുട്ടിലും അവള്‍ക്കനുഭവപ്പെട്ടു.
ഒരുമാസംമുന്‍പുവരെ അതവിടെ ഉണ്ടായിരുന്നു അതിനെ മുറിച്ചുവീഴ്ത്തി പച്ചയ്ക്ക് കത്തിച്ചുകളഞ്ഞ ദിവസത്തെകുറിച്ചുള്ള ഓര്‍മ്മകള്‍ വ്യാകുലതകളുടെ ചിറകുകള്‍ വീശി ചുറ്റിലും പറന്നുതുടങ്ങിയപ്പോള്‍ അവള്‍ ജാലകവാതില്‍ ചേര്‍ത്തടച്ചു . പിന്നെ ആ സിഗരട്ട് പാക്കറ്റ് മുഖത്തോട് ചേര്‍ത്തുപിടിച്ച് ഉള്ളില്‍ കനത്തുവരുന്ന നൊമ്പരങ്ങളോട് പൊരുതിക്കൊണ്ടിരുന്നു

Monday, 15 July 2013

ഈ പ്രളയകാലത്ത്
********************
മിഴികളില്‍ മിന്നല്‍ക്കൊടികള്‍ പടര്‍ത്തി
ഇടിവെട്ടിപെയ്യും പെരുമാഴയായച്ഛന്‍.
കൊടുംകാറ്റിന്നകമ്പടിയോടെ വീശിയടുത്ത്,
ചുഴലികള്‍ തീര്‍ത്ത് -
മുടിയഴിച്ചിട്ടുറക്കെ പെയ്യും പേമഴയായമ്മ.
പെയ്യാതിരിക്കണോ വേണ്ടയോ-
എന്നാശങ്കതീരാതെ ചാറിത്തുടങ്ങുന്ന-
ചെറുമഴയായേട്ടന്‍.
അയല്‍പ്പക്കങ്ങളില്‍ നിന്നുയരും-
അടക്കംപറച്ചിലിന്‍ മേഘധൂളിയില്‍
നുണയുടെ തോരാമഴയായ് ഗ്രാമം.
ഈ പ്രളയകാലത്ത് തീരങ്ങള്‍ കാണാതെ
ദിശയറിയാതലയും നമ്മുടെ പ്രണയനൗക
ഇനിയെത്രനാളെന്‍ പ്രിയനേ ............!

Thursday, 20 June 2013

ഒരുപാടുനേരമായ്
തളരാതെ വിണ്‍കൂട്ടില്‍
ചിറകുകുടയുന്നു മുകില്‍പക്ഷി .
ജാലകച്ചില്ലില്‍-
പാറിവീഴുന്നൊരീ തൂവല്ക്കിളുന്നുകള്‍-
ഓര്‍മ്മതന്‍ പീലിയായ് മാറവേ,
മിഴികളില്‍ നീര്‍മണി പൂക്കുന്നുവോ സഖീ !
ഉള്ളില്‍ കുറുകും പ്രണയപതംഗങ്ങള്‍-
വെറുതേ ചിറകനക്കുന്നുവോ .....!

Saturday, 6 April 2013

ജ്വാലാമുഖി
-------------

ഒടുവില്‍ അവളെ ഷോക്റൂമിലേക്ക്‌ കൊണ്ടുപോകുവാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് . തലേദിവസം സന്ധ്യക്ക്‌ പോലീസുകാര്‍ ആ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അവളെ കൊണ്ടുവന്നപ്പോള്‍ ക്ഷോഭം കത്തിപ്പടരുന്ന മുഖഭാവവും ചലനങ്ങളുമായിരുന്നു അവള്‍ക്ക് .രാത്രിമുഴുവനും അവള്‍ നിര്‍ത്താതെ അലമുറയിടുകയും ഭിത്തിയില്‍ തലയിട്ടിടിക്കുകയും ശരീരമാകെ മാന്തിപ്പൊളിക്കുകയും ചെയ്തിരുന്നു .

ഷോക്ക്റൂമിലെ കട്ടിലില്‍ മൂന്നാലുപേര്‍ കൂടി അവളെ ബലംപ്രയോഗിച്ച് കിടത്തുകയും ശിരസ്സില്‍ ചില ഉപകരണങ്ങള്‍ ഘടിപ്പിക്കുകയും ചെയ്തു . പിന്നെ ഡോക്ടര്‍ പതുക്കെ ചില യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി .

അവളൊന്നു പിടഞ്ഞു .

അവളുടെ ഉള്ളില്‍ ബാഹുലേയന്റെ മുഖം ഒരു മഞ്ഞുപാളിയ്ക്കപ്പുറത്തെന്നപോലെ തെളിഞ്ഞുവന്നു . അരവിന്ദന്‍റെ മരണശേഷം ലഭിച്ച ആശ്രിതജോലിയില്‍
പ്രവേശിക്കാന്‍ പത്തുവയസുകാരി മകളെയും ചേര്‍ത്തുപിടിച്ച് നഗരസഭാകാര്യാലയത്തിന്റെ വരാന്തയില്‍ നിന്നപ്പോള്‍ കണ്ട മുഖം . കുലീനമായ പെരുമാറ്റത്തിനിടയില്‍ അയാള്‍ നീട്ടിക്കൊടുത്ത സഹായഹസ്തം സ്വീകരിക്കാന്‍ ഒറ്റപ്പെടലിന്റെ നിസ്സഹായാവസ്ഥയില്‍ കൂടുതലായൊന്നും ആലോചിക്കാനില്ലായിരുന്നു .

അയാള്‍ താമസിച്ചിരുന്ന ആശിര്‍വാദ് അപ്പാര്ട്മെന്റിലെ നാലാമത്തെ നിലയില്‍ താമസിക്കാനിടം തരപ്പെടുത്തിയതും അരുണമോള്‍ക്ക് പഠിക്കാന്‍ നഗരത്തിലെ ഭേദപ്പെട്ട സ്കൂളില്‍ പ്രവേശനം നേടിയെടുത്തതും ഒരു കുടുംബാംഗത്തെപോലെ കടന്നുവരാനും ഇടപഴകാനും അയാള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ വഴികളായിരുന്നു .

അകാലവൈധവ്യമനുഭവിക്കുന്ന ഒരു സ്ത്രീയോടൊപ്പമുള്ള സഞ്ചാരപഥങ്ങളില്‍ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകള്‍ ഉണ്ടായേക്കാം എന്ന സ്വാഭാവികമായ ഒരു ധാരണ അയാള്‍ക്കുണ്ടായിരുന്നു എന്ന് ചിലപ്പോഴൊക്കെ അവള്‍ക്കു തോന്നാതിരുന്നില്ല . ഇടയ്ക്കെപ്പോഴോക്കയോ സ്വകാര്യതയുടെ വാതില്‍പാളികളില്‍ അറിയാതെയെന്നോണം അയാളുണ്ടാക്കിയ ചില ശബ്ദങ്ങളില്‍ നീരസംപൂണ്ട്‌ ,കര്‍ക്കശമായ ശാസനകളിലൂടെ വഴിതിരിച്ചുവിട്ടപ്പോള്‍ ഇച്ചാഭംഗം പൂണ്ട ബാഹുലേയന്റെ മുഖവും അവള്‍ക്കപ്പോള്‍ കാണാമായിരുന്നു .

യന്ത്രങ്ങളുടെ ബട്ടണുകളില്‍ ഡോക്ടറുടെ വിരലുകള്‍ ചില വ്യതിയാനങ്ങള്‍ വരുത്തിയപ്പോള്‍ വൈദ്യുതപ്രവാഹത്തിന്റെ തീവ്രത കൂടുകയും അവളുടെ ശരീരം ശക്തമായൊന്നുലയുകയും ചെയ്തു .

അപ്പോഴവളുടെ മനസ്സില്‍ അരുണയുടെ മുഖമായിരുന്നു . കഴിഞ്ഞ ജന്മദിനത്തില്‍ ബാഹുലേയന്‍ സമ്മാനിച്ച വെള്ളാരന്‍ കണ്ണുകളുള്ള പാവയെ അവള്‍ തുണ്ടം തുണ്ടമാക്കി മുറിച്ചുകളഞ്ഞത് കണ്ട് അരിശത്തോടെ ചോദിച്ചപ്പോള്‍ ഒന്നുംമിണ്ടാതെ നിന്ന അരുണയുടെ ഭീദിതമായ മുഖം . അന്ന് മനസ്സില്‍ കിളിര്‍ത്തുതുടങ്ങിയ ആകുലകരമായ ചില സംശയങ്ങള്‍ വള്ളികളായി പടര്‍ന്നു ഹൃദയത്തെ ഞെരുക്കി ശ്വാസംമുട്ടിച്ചത്, പിന്നീടൊരിക്കല്‍ അവളുടെ കവിളിലെ നഖപ്പാടുകളും ക്ഷതമേറ്റ് ചോരകല്ലിച്ച ചുണ്ടുകളും കണ്ടപ്പോഴായിരുന്നു .

അരവിന്ദന്റെ വേര്‍പാട് സൃഷ്ടിച്ച അരക്ഷിതാവസ്ഥയുടെ ഏറ്റവും ഭീകരമായ മുഖം കണ്ടതാന്നായിരുന്നു.

പെട്ടന്ന് അവള്‍ കട്ടിലില്‍ നിന്നും ഒന്നുയരാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുവച്ചിരുന്ന കരങ്ങളുടെ ബലത്തില്‍ അവളൊതുങ്ങിപ്പോയി.

പിന്നെയും കണ്‍മുന്നിലെന്നോണം ബാഹുലേയന്‍ .

ആശിര്‍വാദ്‌ അപാര്‍ട്ട്മെന്റിലെ ആറാംനിലയും കഴിഞ്ഞുള്ള തുറസ്സായ ടെറസ്സില്‍ നിലാവും നക്ഷത്രങ്ങളുമില്ലാത്ത ഒരു രാത്രിയില്‍ രതികാമനകള്‍ പൂത്തുലഞ്ഞ മിഴികളുമായി അയാള്‍ നില്‍ക്കുകയാണ് . വശീകരണതന്ത്രങ്ങളാല്‍ ഒരുക്കിയെടുത്ത ലഹരിനുരയുന്ന വഴികളിലൂടെ വളരെ കരുതലോടെ നടത്തിക്കൊണ്ടുവന്നു ടെറസ്സിലെ അരഭിത്തിയോട്‌ ചേര്‍ത്ത് അയാളെ നിര്‍ത്തിയിരിക്കുകയാണ് .

വളരെ പതുക്കെ ലോലമായ വിരലുകളാല്‍ അയാളെ ചേര്‍ത്ത് നിര്‍ത്തി ആ കണ്ണുകളില്‍ ഒരു മൃഗത്തിന്റെ ആസക്തി അവള്‍ തിരയുകയാണ് . പിന്നെ ആ വിരലുകള്‍ കഴുത്തും മാറിടവും പിന്നിട്ട് അരക്കെട്ടിലൂടെ ഇഴഞ്ഞുനീങ്ങി ഇരുപാദങ്ങലിലും ചെന്നുനില്ക്കുന്നു . ഓര്‍മ്മകളില്‍ , കരുവാളിച്ച കുരുന്നു കവിളുകളും ക്ഷതമേറ്റ്‌ പഴുത്ത ചുണ്ടുകളുമായി എങ്ങികരയുന്ന അരുണയുടെ മുഖം മാത്രം .

മനസ്സിലേക്ക് വന്യമായ ഒരാവേശം പാഞ്ഞുകയറിയപ്പോള്‍ പാദങ്ങളിലെ പിടുത്തം മുറുകുന്നു . സര്‍വശക്തിയുമെടുത്ത് പാദങ്ങള്‍ രണ്ടും ഒരുമിച്ചുവലിച്ചപ്പോള്‍ അരഭിത്തിയില്‍ നിന്നും പിന്നോട്ട് മറിഞ്ഞ് ഒരു നിലവിളിയോടെ ബാഹുലേയന്‍ താഴേയ്ക്ക് പറക്കുകയാണ് ...
.
ഇപ്പോള്‍ അവള്‍ക്കു കൂട്ടിനുള്ളത് വിടാതെ പിന്തുടരുന്ന ഒരു നിലവിളി മാത്രമാണ് . ബാഹുലേയന്റെ മരണം നടന്ന് നാലാംദിവസം നിയമപാലകരുടെ വാഹനത്തിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ നെഞ്ചില്‍നിന്നും ആരൊക്കയോചേര്‍ന്ന് അടര്‍ത്തിമാറ്റിയ അരുണയുടെ ദയനീയമായ നിലവിളി .

ആ വിലാപം അസഹനീയമാകുമ്പോള്‍ ഉള്ളുരുകി തുളുമ്പും അപ്പോള്‍ ഇരുളിന്റെ അടരുകള്‍ തുടര്ച്ചയായി പതിച്ചുകൊണ്ടിരിക്കുന്ന അബോധത്തിന്റെ ഊടുവഴികളിലൂടെ അവള്‍ സഞ്ചരിക്കാന്‍ തുടങ്ങും .

മുറിയിലിപ്പോള്‍ ആരുമില്ല ശിരസില്‍ നിന്നും ഉപകരണങ്ങളൊക്കെ അഴിച്ചുമാറ്റിയിരിക്കുന്നു . അമര്‍ത്തിപ്പിടിച്ചിരുന്ന ബലിഷ്ഠ കരങ്ങളില്‍ നിന്ന് ശരീരം സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു കൂട്ടിനിപ്പോള്‍ നിറഞ്ഞ മൌനം മാത്രം
:-വിനോദ് വൈജയന്തം